കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും.
വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടി നിലപാട്.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനിടയില്‍ ഉയര്‍ന്നു വന്ന വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് വൈകിട്ട് അടിയന്തര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയും ഇന്ന് യോഗം ചേരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന പാന്‍മസാലകള്‍ പിടികൂടിയത്. ഇതില്‍ കെല് 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്.
എന്നാല്‍ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം.
ഇതിന്റെ കരാര്‍ സംബന്ധിച്ച രേഖകളും ഇയാള്‍ പുറത്തുവിട്ടെങ്കിലും ഇത് കൃത്രിമമായി സൃഷ്ടിച്ചടുത്തതാകാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഇയാള്‍ പുറത്തുവിട്ടത്. കരാര്‍ ഏര്‍പ്പെട്ടതിന് സാക്ഷികള്‍ ആരുമില്ലെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.