റെനീഷ് മാത്യു
കണ്ണൂർ: മുൻ എംഎൽഎ ജയിംസ് മാത്യുവിന് പിന്നാലെ കണ്ണൂർ സിപിഎമ്മിലെ മറ്റൊരു പ്രമുഖ നേതാവ് കൂടി സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നതായി സൂചന.
വ്യവസായ സംരംഭത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് നേതാവ്. ഇതിനു മുന്നോടിയായി ഒരു വ്യവസായ സ്ഥാപനത്തിന്റെ ചെയർമാൻ പദവിയിൽ നേതാവിന്റെ ഭാര്യ ഇടംപിടിച്ചു കഴിഞ്ഞു.
സിപിഎം കണ്ണൂർ ലോബിയിലെ പടലപിണക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നേതാവ് സമീപകാലത്ത് പാർട്ടിയുടെ പല പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. ഈ നേതാവിന്റെ വീട് ഇരിക്കുന്ന മണ്ഡലത്തിലെ പരിപാടികളിൽ പോലും പങ്കെടുത്തത് പി. ജയരാജനായിരുന്നു.
പാർട്ടിക്കുള്ളിലെ പ്രമുഖ എതിരാളി നേതൃസ്ഥാനത്തേക്ക് വന്നതോടെയാണ് പാർട്ടി പരിപാടികളിൽനിന്നു പിൻവലിഞ്ഞു തുടങ്ങിയത്. ഈ നേതാവിന്റെ മകന്റെ നേതൃത്വത്തിലുള്ള സംരംഭത്തിനെതിരേ രംഗത്തുവന്നയാളാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ളത്.
ഇതേക്കുറിച്ച് പാർട്ടിക്ക് പരാതി നൽകിയതിനു പിന്നിലും ഈ നേതാവായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സിപിഎമ്മിന്റെ മാനദണ്ഡങ്ങളും സജീവം രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനു പിന്നിലുണ്ട്.
കണ്ണൂരിലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് ബേബി റൂട്ട്സ് എന്ന ശിശു പരിപാലന കേന്ദ്രം കണ്ണൂരിൽ തുടങ്ങിയിരുന്നു. ഒരു പ്രമുഖ നേതാവും കൂടി രാഷ്ട്രീയം വിടുന്പോൾ സിപിഎമ്മിന്റെ കണ്ണൂർ ലോബിക്ക് വലിയ ക്ഷീണമായിരിക്കും സംഭവിക്കുക.