കണ്ണൂര്‍: കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്ത് ഉപഭോക്തൃ സമിതിയായ കൺസ്യൂമർ കംപ്ലെയിന്റ് അഡ്വൈസറിയുടെ (നോസർ ഇന്ത്യ) സെന്റർ പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടങ്ങളും പാര്‍ട്ടിയുടെ പേരില്‍ പിടിച്ചെടുത്ത് സിപിഎം നേതാവ് സ്വന്തമാക്കിയെന്ന ആരോപണ വുമായി സ്ഥലമുടമ രംഗത്ത്.
പാലാ സ്വദേശിയും ഇരിട്ടി എടൂരിലെ താമസക്കാരനും മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകനുമായ മണിമല നിരപ്പേല്‍ മാത്യുവാണ് പരാതിക്കാരൻ. നോസർ ഇന്ത്യയുടെ കണ്ണൂർ ജില്ലയിലെ സ്ഥാപകനാണ് മാത്യു. ജനങ്ങളെ എങ്ങനെ ചൂഷണങ്ങളില്‍നിന്നു രക്ഷിക്കാമെന്ന വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനവുമായി 1990 ല്‍ രൂപീകരിച്ച കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ സമിതിയാണ് മാത്യുവിന്റെ നേതൃത്വത്തിൽ നോസര്‍ ഇന്ത്യയായി മാറിയത്.
നോസർ ഇന്ത്യക്കായി മാത്യു വൈപ്പിരിയത്ത് രണ്ടുപേരിൽ നിന്നായി ഒൻപതേക്കർ 80 സെന്റ് സ്ഥലം വാങ്ങി ചുറ്റുമതിലും 27 കെട്ടിടങ്ങളും നിര്‍മിക്കുകയും 2003 ഏപ്രില്‍ ഒന്നിന് നോസര്‍ ഇന്ത്യ സെന്ററിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. നൂറോളം കട്ടിലുകള്‍, കിടക്കകള്‍, കംപ്യൂട്ടറുകള്‍, രണ്ട് ജനറേറ്ററുകള്‍, നൂറുപേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍, പാചകത്തിനുള്ള പാത്രങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സെന്ററിൽ ഉണ്ടായിരുന്നു.
മാത്യു പറയുന്നു:
65 ജോലിക്കാരുണ്ടായിരുന്നു സ്ഥാപനത്തിൽ. ജീവിതവഴികളില്‍ ഒറ്റപ്പെട്ടുപോയ നാല്പതോളം പേരെ ഇവിടെ താമസിപ്പിച്ചു. ഒരേക്കര്‍ സ്ഥലത്ത് കുളമുണ്ടാക്കി ജലസേചന സൗകര്യമുണ്ടാക്കി കൃഷിയാരംഭിച്ചു. കൂട്ടത്തില്‍ പരിസരത്തെ വീടുകളില്‍ ജലവിതരണവുമാരംഭിച്ചു. പരിസരങ്ങളിലെ കുട്ടികളെ സ്കൂളിലാക്കാനും തിരിച്ചുകൊണ്ടുവരാനും വാഹന സൗകര്യമുണ്ടാക്കി.
അയ്യായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ടാക്കി. വ്യത്യസ്ത തരത്തിലുള്ള 27 ഇനം മാവുകള്‍ വച്ചുപിടിപ്പിച്ചു. ആയുര്‍വേദ ആശുപത്രിയുണ്ടാക്കി സൗജന്യ ചികിത്സയാരംഭിച്ചു. മള്‍ട്ടി കളര്‍ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന പാൽ, പച്ചക്കറി, മുട്ട എന്നിവ ചെറിയ വിലയിൽ നാട്ടുകാർക്ക് നല്കി. എല്ലാ രീതിയിലും പഞ്ചായത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടായിരുന്നു നോസര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മുന്നോട്ടു പോയിരുന്നത്.
അയ്യായിരവും പതിനായിരവും സെക്യൂരിറ്റി തുകയായി വാങ്ങിച്ചായിരുന്നു തൊഴിലാളികളെ നിയോഗിച്ചത്. അതിനിടയില്‍ സാമ്പത്തിക ഞെരുക്കം വന്നപ്പോള്‍ സമരം ചെയ്ത് സ്ഥാപനം പൂട്ടിക്കുന്ന അവസ്ഥയുമുണ്ടായി. സ്ഥലം പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമിച്ചതിനൊടുവില്‍ ഒരുകോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിഎസ്ആര്‍ ഫണ്ടിലുള്‍പ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു.
ഇതുവാങ്ങാനായി കൊല്ലത്ത് പോയപ്പോഴാണ് അടുത്ത പ്രശ്നങ്ങളാരംഭിച്ചത്. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ നൂറോളം ചെറുപ്പക്കാര്‍ തന്റെ സ്ഥാപനത്തിന് ചുറ്റും തമ്പടിച്ചതായാണ് കണ്ടത്. വളര്‍ത്തിക്കൊണ്ടിരുന്ന നൂറോളം താറാവുകളെയും അരയന്നങ്ങളേയും കഴുത്തറുത്ത് കൊന്ന് ഇവര്‍ കുളത്തിലിട്ടിരുന്നു. ഈ സെന്റർ പിടിച്ചെടുത്തതായി അവര്‍ എന്നോട് പറയുകയായിരുന്നു.
വസ്ത്രങ്ങള്‍പോലും എടുക്കാന്‍ അവര്‍ അനുവദിച്ചില്ല. 2006 ഡിസംബര്‍ ആയപ്പോഴേക്കും എല്ലാം കവര്‍ന്നെടുത്തതിനെ തുടര്‍ന്ന് ഒന്നുമില്ലാത്തവനായി താന്‍ മാറിയെന്ന് മാത്യു വിവരിച്ചു. ഇതിനിടയിലാണ് ഒരുദിവസം രാത്രി ചിലര്‍ എന്നെ കാറില്‍ കയറ്റി വൈപ്പിരിയത്തെ പ്രാദേശിക സിപിഎം നേതാവിന്റെ വീട്ടില്‍ കൊണ്ടുപോയി പവര്‍ ഓഫ് അറ്റോണിയുണ്ടാക്കി ഒപ്പിടുവിച്ചത്.
അന്ന് സിപിഎം നേതാക്കളെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല ആളുകള്‍ സംഘം ചേര്‍ന്നു വധഭീഷണി മുഴക്കുന്നതും പതിവായി. എന്റെ പേരിലുണ്ടായിരുന്ന സ്വത്തും ഇതിലുണ്ടായിരുന്ന 27 കെട്ടിടങ്ങളുമാണ് പിടിച്ചെടുത്തത്. ഇതിനിടെ നാലുകോടി രൂപ തന്നാല്‍ സ്ഥലം തിരിച്ച് തരാമെന്ന പ്രമുഖന്റെ വാഗ്ദാനവുമുണ്ടായി.
അന്ന് പാര്‍ട്ടിയുടെ പേരില്‍ ആളുകളെ കൂട്ടി പിടിച്ചെടുത്ത സ്ഥലം പിന്നീട് നേതാവ് സ്വന്തമാക്കുകയും ഇപ്പോഴത്തെ ടാര്‍ മിക്സിംഗ് പ്ലാന്റിനായി വില്ക്കുകയുമായിരുന്നുവെന്നാണ് നോസര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായി തുടരുന്ന മാത്യു ആരോപിക്കുന്നത്.