ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ സിപിഎം നേതാവിന് സസ്പെൻഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെതിരെയാണ് നടപടി. ആറ് മാസത്തേയ്ക്കാണ് സസ്പെൻഷൻ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
മൂന്ന് മാസം മുൻപ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു.
ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു.
ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദനും പങ്കെടുത്തിരുന്നു.
ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിനെ സസ്പെന്റ് ചെയ്തത്.