അന്പലപ്പുഴ: മന്ത്രി ജി.സുധാകരനെതിരേ സിപിഎം വനിതാ നേതാവ് ഉഷാ സാലി നൽകിയ പരാതി പിൻവലിച്ചു. കേസ് ഒത്തുതീർന്നു. വിടുതൽ ഹർജി പരിഗണിച്ച കോടതി വിധി 26 ന് പറയാൻ മാറ്റി വെച്ചു. ഇന്നലെയാണ് ഉഷാ സാലി അന്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച് രേഖാമൂലം ഹർജി സമർപ്പിച്ചത്.
മന്ത്രിക്കെതിരായ കേസ് അടുത്ത മാസം ഏഴിന്് പരിഗണിക്കാനിരിക്കേയാണ് വാദി ഉഷാ സാലി വിടുതൽ ഹർജി നൽകിയത്. നാലു വർഷം മുൻപ് തനിക്കുണ്ടായ മനോവേദന കൊണ്ടായിരുന്നു കേസുമായി മുന്നോട്ടു പോയത്. ചില തത്പര കക്ഷികളാൽ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. ഇതു താനും ജി.സുധാകരനും പാർട്ടിയും തിരിച്ചറിഞ്ഞു. ഇതിനാൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ തീരുമാനിച്ചതിനാൽ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും കേസ് നിരുപാധികം പിൻവലിക്കുകയാണെന്നും ഉഷാ സാലി രേഖാമൂലം കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി വിധി 26 ന് പറയും.
കേസുമായി ബന്ധപ്പെട്ട മറ്റ് സാക്ഷികളെയും വിസ്തരിക്കേണ്ടെന്ന് ഉഷാ സാലി രേഖാമൂലം അറിയിച്ചു. 2016 ഫെബ്രുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തോട്ടപ്പള്ളി കൊട്ടാരവളവ് കൃഷ്ണൻചിറ റോഡ് ഉദ്ഘാടന വേദിയിലാണ് തന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗം കൂടിയായ സിപിഎം ബ്രാഞ്ചുസെക്രട്ടറി ഉഷാ സാലിയെ ജി.സുധാകരൻ ആക്ഷേപിച്ചു സംസാരിച്ചത്.
ഇതിനു ശേഷം ഇവർ സുധാകരനെതിരെ നിയമപോരാട്ടം തുടങ്ങുകയായിരുന്നു. കേസുമായി ഉഷാ സാലി മുന്നോട്ടു പോയാൽ ശിക്ഷ ഉറപ്പാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ സുധാകരൻ തന്നെ മുൻകൈയെടുത്തത്. ഇതിന്റെ ഭാഗമായാണ് ഏതാനും ദിവസം മുൻപ് ഉഷാ സാലിയെ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റാക്കിയത്. ഇവരുടെ ഭർത്താവ് സാലിയേയും നേരത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
മന്ത്രിയുമായി ഇരുവരും നടത്തിയ രാത്രികാല രഹസ്യ ചർച്ചക്കൊടുവിലാണ് ഇപ്പോൾ കേസ് ഒത്തുതീർപ്പിലെത്തിയത്. എന്നാൽ പാർട്ടി നേതൃത്വമറിയാതെ സുധാകരൻ ഏകപക്ഷീയമായി കേസ് ഒത്തുതീർപ്പാക്കിയതും ഉഷാ സാലിയെ പാർട്ടിയിൽ തിരിച്ചു കൊണ്ടുവന്നതും സുധാകരനെതിരെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇവർ പണം വാങ്ങിയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.