പറവൂർ: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത് ലോക്കൽ കമ്മറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്ന് സംശയം. റിട്ട. പറവൂർ മുൻസിഫ് കോടതി ജീവനക്കാരൻകൂടിയായ അച്ചൻചേരിൽ പി. തമ്പി (64) യാണ് എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്.
തന്പിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും. തൂങ്ങിമരിച്ച നിലയിൽ കണ്ട തമ്പി വിഷം കഴിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതായി പറയുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം എന്നീ നിലകളിലും തന്പി പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഏഴിക്കര ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത തമ്പിയുമായി ചില തർക്കങ്ങൾ ഉണ്ടാകുകയും തുടന്ന് താൻ മാനസികമായി വിഷമത്തിലാണെന്നും, പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായും തമ്പി അടുത്ത ചിലർക്ക് മെബൈൽ വഴി സന്ദേശം അയച്ചിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ, ഏരിയ സെക്രട്ടറിമാർക്കും തമ്പി പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് പോകുന്നതായി പറഞ്ഞ് വീട്ടിൽനിന്നും പോയ തമ്പി ചൊവ്വാഴ്ചയും തിരിച്ചു വരാതിരിക്കുകയും ഫോണിൽ കിട്ടാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ തമ്പിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. തമ്പി എഴുതിയ നാല് പേജുള്ള കത്തും കിട്ടിയിട്ടുണ്ട്. ഭാര്യ: അനിത(സിപിഎം ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം). മക്കൾ: ഹാഷ്മി, ഹരിഷ്മ (അഭിഭാഷക). മരുമകൾ: ശ്രദ്ധ.