ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിലെ നടപടികൾ 11 ജില്ലകളിൽ ഏകദേശം പൂർത്തിയായി.
ഇവയിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, വയനാട് ജില്ലകളിൽ കടുത്ത നടപടികളാണുണ്ടായത്.
ഇനി നടപടികൾ വരാനുള്ള കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഈ അടുത്ത ദിവസങ്ങളിൽത്തന്നെ നടപടിയുണ്ടായേക്കും.
പ്രതിഫലിക്കും
എന്നാൽ സിപിഎം നേതാക്കളെ ശിക്ഷിച്ചതോടെ പാർട്ടിക്കുള്ളിൽ അണികളുടെ മുറുമുറുപ്പ് ആരംഭിച്ചു കഴിഞ്ഞു.
പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗമായി പോരാട്ടം നടത്താനാണ് ശിക്ഷിക്കപ്പെട്ട ഭൂരിപക്ഷം നേതാക്കളുടെയും തീരുമാനം. ഇതു ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഫലിക്കാനുള്ള സാധ്യതയേറി.
എന്നാൽ കോടിയേരി ബാലകൃഷ്ണനെ രംഗത്തിറക്കി പാർട്ടിയെ കൈപ്പിടിയിലൊതുക്കാനാണ് ഒൗദ്യോഗിക പക്ഷത്തിന്റെ തീരുമാനം.
ആലപ്പുഴയിൽ എളമരം കരീം കമ്മീഷനും മലപ്പുറത്ത് പി.കെ സൈനബ കമ്മിഷനുമാണ് റിപ്പോർട്ടുകൾ നൽകിയിട്ടുള്ളത്.
കൊല്ലം ജില്ലയിൽ കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തെരഞ്ഞെടുപ്പ് പരാജയങ്ങളാണ് അന്വേഷിക്കുന്നത്.
കൊല്ലത്ത് ഇന്നലെനടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ തുളസീധരക്കുറുപ്പ്, പി.ആർ വസന്തൻ, പ്രസന്നകുമാർ എന്നിവരോടും കുണ്ടറ, കരുനാഗപ്പള്ളി, ശൂരനാട് തുടങ്ങിയ ഏരിയകളിലെ സെക്രട്ടറിമാരോടും ഒരു ജില്ലാ കമ്മിറ്റിയംഗത്തോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഇവിടെ വിജയരാഘവൻ കമ്മീഷനാണ് അന്വേഷണം നടത്തിയത്. കോട്ടയത്ത് കടുത്തുരുത്തിയിൽ പി.കെ ഹരികുമാർ കമ്മീഷൻ റിപ്പോർട്ടും ഉടൻ വന്നേക്കും.
മൂന്നു മുതൽ
മൂന്നു മുതൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ ഏറെക്കുറെ കഴിഞ്ഞു.
പാർട്ടി കോണ്ഗ്രസും സംസ്ഥാന സമ്മേളനവും നടക്കാനുള്ളതിനാൽ കണ്ണൂരും എറണാകുളത്തുമാണ് സമ്മേളനങ്ങൾ ആദ്യം നടക്കുന്നത്.
ഇതിൽ പാർട്ടി ശിക്ഷാ നടപടികൾ ഏറ്റവും കടുത്ത എറണാകുളത്ത് ബ്രാഞ്ച് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗം വരെ 14 പേരാണ് നടപടി നേരിട്ടത്.
അതുകൊണ്ട് തന്നെ എറണാകുളത്ത് സമ്മേളനങ്ങളിൽ സ്ഥിതി ഗുരുതരമാകും. 14 നേതാക്കളുടെ അണികൾ വെറുതെയിരിക്കില്ല.
വിഎസ്-ബേബി പക്ഷങ്ങൾ ലോക്കൽ, ഏരിയ തുടങ്ങി ജില്ല വരെ കമ്മിറ്റികളിൽ മേൽക്കൈ സ്ഥാപിച്ച് ജില്ലാ സെക്രട്ടേറിയറ്റിൽ വന്ന് പിണറായി പക്ഷത്തെ ഇല്ലായ്മ ചെയ്യാനായിരിക്കും ശ്രമം.
ഇതിനുള്ള പണി ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് ഇവർ തുടങ്ങും. കണ്ണൂരിൽ പി.ജയരാജൻ വിഭാഗം ഒൗദ്യോഗിക പക്ഷത്തിനെതിരെ ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളുമായി വന്നേക്കാമെങ്കിലും ഇവിടത്തെ അസ്വാരസ്യങ്ങൾ ചർച്ചകളിൽ ഒതുങ്ങിയേക്കും. വിഭാഗീയത ഉണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്.
എന്നാൽ ആലപ്പുഴയിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ കമ്മീഷൻ റിപ്പോർട്ട് വരും മുന്പേ തന്നെ അരൂർ, ചേർത്തല മേഖലയിൽ പലയിടങ്ങളിലും ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഏതായാലും കൊടിയേരി എറണാകുളത്ത് വാൾ വീശിയതോടെ ആവും വിധത്തിൽ വിവിധ കമ്മിറ്റികളിൽ ആളെക്കൂട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ മേൽക്കൈ പിടിക്കാനായിരിക്കും എതിർവിഭാഗത്തിന്റെ ശ്രമം.