കൊച്ചി: നഗരസഭാ കൗണ്‍സിലറും സിപിഎം ഇടപ്പള്ളി ലോക്കൽ സെക്രട്ടറിയുമായിരുന്ന എം.പി. മഹേഷ്കുമാർ പാർട്ടി വിട്ടു. അഴിമതിക്കെതിരെ സംസാരിച്ചതിനും പാർട്ടി നേതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്തതിനും കഴിഞ്ഞ കുറേ നാളുകളായി തനിക്കെതിരെ പല ഭാഗത്തുനിന്നും ഭീഷണികൾ ഉണ്ടാകാറുണ്ടെന്ന് മഹേഷ്കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ജനാധിപത്യം നശിച്ച പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കേണ്ടതില്ലെന്ന തീരുമാനമാണ് പാർട്ടി വിടാൻ കാരണം. തുടർന്ന് കോണ്‍ഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കും. തനിക്കൊപ്പം നൂറോളം സിപിഎം പ്രവർത്തകരും പാർട്ടി വിടുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെതിരെയും സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണിക്കെതിരെയും മഹേഷ്കുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
സി.എൻ. മോഹനൻ ജിസിഡിഎ ചെയർമാനായിരിക്കെ ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിൽ ഫയർ പ്രൊട്ടക്ഷൻ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ ലംഘിച്ചാണ് താൽപര്യമുള്ള ഒരു കന്പനിക് കരാർ കൈമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. മത്സരങ്ങൾ തടസപ്പെടുമെന്നതിനാൽ മാത്രമാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലർ ആയിരിക്കെ ഇടപ്പള്ളിയിലെ ഒരു വൻകിട വ്യാപാര സമുച്ചയത്തിനെതിരെ കൗണ്‍സിൽ യോഗത്തിൽ ആരോപണം ഉന്നയിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കെ സി.എം. ദിനേശ് മണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് തന്നെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത്നിന്ന് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ലെവി അടച്ച് അംഗത്വം പുതുക്കിയെങ്കിലും നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയിൽ നിന്ന് കുന്നുംപുറം വെസ്റ്റ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നുവെന്നും മഹേഷ് പറഞ്ഞു. നിലവിൽ ജില്ലയിൽ പാർട്ടിയെ നിയന്ത്രിക്കുന്നത് പ്രത്യേക കോക്കസാണ്. ക്വട്ടേഷൻ നൽകുന്ന നേതാക്കളേയും സ്ത്രീപീഡകരായ നേതാക്കളേയും സംരക്ഷിക്കുന്ന പാർട്ടി അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.