കൊല്ലം: മുഖ്യമന്ത്രിയെ വിമർശിച്ചതിന് വൃദ്ധനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുസിപിഎം പ്രവർത്തകർക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. അഞ്ചാലുംമൂട് സ്വദേശിയായ സന്തോഷും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
സിപിഎം പ്രവർത്തകനും കുരീപ്പുഴ ശ്രീഹരി റിക്കാർഡിംഗ് സ്റ്റുഡിയോ ഉടമയുമായ ഹരിദാസിനെയാണ് അടിച്ച് പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കുരീപ്പുഴ കീക്കോലി മുക്കിലെ വെയിറ്റിംഗ് ഷെഡിലാണ് സംഭവം.
കെവിൻ വധക്കേസുമായി ബന്ധപ്പെട്ട വാർത്ത പത്രത്തിൽ വായിക്കുന്നതിനിടയിൽ അടുത്തിരുന്ന സുഹൃത്തുക്കളോട് മുഖ്യമന്ത്രിയേയും സർക്കാരിനേയും വിമർശിച്ച് ഹരിദാസ് സംസാരിച്ചതിനാണ് ഇയാളെ ആക്രമിച്ചത്. സമീപത്തിരുന്ന സന്തോഷ് ഹരിദാസിനോട് കയർത്തുസംസാരിച്ചെങ്കിലും മറ്റുള്ളവർ ഇടപെട്ട് ഇരുവരെയും ശാന്തരാക്കിവിട്ടു.
പിന്നീട് ഹരിദാസ് വീട്ടിൽ പോയശേഷം മടങ്ങിവരുന്നതിനിടയിൽ ബൈക്കിലെത്തിയ സന്തോഷും സുഹൃത്തും ചേർന്ന് തള്ളിയിട്ട് കന്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചതായാണ്
പരാതി.