വടകര: റോഡ് നിർമാണത്തിനുള്ള സ്ഥലത്തെ സംബന്ധിച്ച തർക്കത്തിന്റെ പേരിൽ പാർട്ടി അനുഭാവിക്കു സിപിഎം പ്രവർത്തകരുടെ ക്രൂര മർദനം. ഇരുന്പ് ദണ്ഡ് കൊണ്ടുള്ള അടിയിൽ മുഖത്ത് സാരമായി പരിക്കേറ്റ കുട്ടോത്ത് സ്വദേശി ഷാജുവിനെ (43) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാജുവും സിപിഎം പ്രാദേശിക നേതാവും തമ്മിൽ ജലനിധി കിണറിനടുത്തേക്കുള്ള റോഡ് നിർമാണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തന്റെ അനുവാദമില്ലാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടെ റോഡ് നിർമിക്കാനുള്ള ശ്രമം തടഞ്ഞതാണ് ഷാജുവിനെതിരായ വൈരാഗ്യത്തിനു കാരണം.
കുറച്ച് ദിവസങ്ങൾക്ക് മുന്പ് ഒരു വിവാഹ സൽക്കാരത്തിനിടെ നേതാവും ഷാജുവും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടോത്ത് നായനാർഭവനു സമീപത്ത് വെച്ച് മൂന്ന് പേരടങ്ങിയ സംഘം തന്നെ ആക്രമിച്ചതെന്നു ഷാജു പറയുന്നു.
ഇരുപത് വർഷത്തിലേറെയായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തനിക്കെതിരെ നടന്ന അക്രമത്തിൽ ഷാജുവിന് രോഷമുണ്ട്. വടകരയിൽ ഒ.ഭരതൻ മുതൽ പി.ജയരാജൻ വരെയുള്ളവർ സ്ഥാനാർഥിയായ തെരഞ്ഞെടുപ്പുകളിലെല്ലാം വാഹനവുമായി ഷാജു രംഗത്തുണ്ടായിരുന്നു.
നിസ്വാർഥമായി പ്രവർത്തിച്ച തനിക്ക് പാർട്ടി നീതി നൽകുമെന്നാണ് ഷാജുവിന്റെ പ്രതീക്ഷ. എന്നാൽ മർദ്ദനത്തിൽ നിയമനടപടിയുമായി പോരാടുമെന്നും പറയുന്നു. സംഭവം സംബന്ധിച്ച് വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.