മട്ടന്നൂര്‍: ഇടവേലിക്കലില് മൂന്ന് സിപിഎം പ്രവര്‍ത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണു വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം വാളും മറ്റു മാരകായുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.രാത്രി എട്ടോടെ മട്ടന്നൂരിലെ റാറാസ് ഹോട്ടലിനു മുന്‍വശത്തുവച്ചു റിജിലിനെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഹോട്ടലിന് സമീപത്തുണ്ടായിരുന്നവര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തുടർ ന്ന്, രാത്രി ഒമ്പതരയോടെ ഇടവേലിക്കൽ ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും മാരകമായി വെട്ടിപ്പരിക്കേല്പ്പിക്കുകയായിരു ന്നു.
വെട്ടേറ്റ ലതീഷിനെ 2018ല്‍ മട്ടന്നൂരിൽ വച്ചു കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.
പരിക്കേറ്റവരുടെ മൊഴി പ്രകാരം ആറ് ആർഎസ്എസ് പ്രവർത്തകരുടെയും കണ്ടാലറിയാവുന്നവരുടെയും പേരിൽ കേസെടുത്തു. പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സിപിഎം നേതാക്കൾ സന്ദർശിച്ചു.