പത്തനംതിട്ട: കേരളത്തെ കീറിമുറിച്ച് അതിവേഗ പാത ആവശ്യമുണ്ടോയെന്ന ചോദ്യവുമായി സിപിഎം സമ്മേളന പ്രതിനിധികള്. അടൂരില് നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തില് പദ്ധതി ബാധിത മേഖലകളില് നിന്നെത്തിയ പ്രതിനിധികളാണ് സംശയം ഉന്നയിച്ചത്.
കെ റെയില് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്ക്ക് ഏറെ ആശങ്കയുണ്ടെന്നും പദ്ധതി നിര്ബന്ധപൂര്വം അടിച്ചേല്പിച്ചാല് രാഷ്ട്രീയമായി എല്ഡിഎഫിനു നഷ്ടമാകുമെന്നും പ്രതിനിധികള് ആശങ്ക പ്രകടിപ്പിച്ചു.
മല്ലപ്പള്ളി, ഇരവിപേരൂര് ഏരിയാ പ്രതിനിധികളാണ് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചത്. സമ്മേളനത്തില് പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച ആശങ്കകള്ക്ക് ഇന്ന് മറുപടി പറയും.
പോലീസിനെതിരെയും സമ്മേളനത്തില് ആക്ഷേപം ഉയര്ന്നു. പാര്ട്ടി നിയന്ത്രണത്തില് അല്ല പോലീസിന്റെ പ്രവര്ത്തനമെന്നായിരുന്നു ആക്ഷേപം. ഭരണം ഉള്ളപ്പോള് പോലും പോലീസിനുമേല് സ്വാധീനം ഇല്ലാത്ത സാഹചര്യം പ്രതിനിധികള് ചൂണ്ടിക്കാട്ടി.
തിരുവല്ല സന്ദീപ് കൊലക്കേസില്പോലും പോലീസ് സ്വീകരിച്ച പല നിലപാടുകളോടും യോജിക്കാനാകില്ലെന്ന് പ്രതിനിധികള് പറഞ്ഞു. ജനപ്രതിനിധികള്ക്കെതിരെ പാര്ട്ടി വേദികളില് ഉയരുന്ന വിമര്ശനങ്ങളെ വിഭാഗീയതയായി ചിത്രീകരിക്കുന്നതിനെതിരെയും പ്രതിനിധികള് ആക്ഷേപം ഉന്നയിച്ചു.
മൂന്ന് ഏരിയാ കമ്മിറ്റികളെയും പേരെടുത്ത് പരാമര്ശിച്ച് നേതാക്കളുടെ വിഭാഗീയ ഇടപെടലുകള്ക്കെതിരെ ജില്ലാ സെക്രട്ടറി വിമര്ശനം നടത്തിയിട്ടുണ്ട്.
തിരുവല്ലയിലെ നേതാക്കളില് ഏറെപ്പേരും പാര്ലമെന്ററി മോഹം വച്ചുപുലര്ത്തുകയാണെന്നും ഇതിന്റെ ഭാഗമായി സംഘടനാ ചട്ടക്കൂട്ടുകള് മറക്കുന്നതായും കുറ്റപ്പെടുത്തി.
ഏതു ഹീനമായ മാര്ഗം ഉപയോഗിച്ചും പാര്ട്ടിയെ അപകീര്ത്തിപ്പെടുത്താനും വ്യക്തി താത്പര്യം സംരക്ഷിക്കാനും തിരുവല്ലയിലെ ചില നേതാക്കള് ശ്രമിക്കുന്നതായി കുറ്റപ്പെടുത്തലുണ്ട്. സമ്മേളനം നാളെ സമാപിക്കും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും പൊതുസമ്മേളനവും നാളെയാണ്