സ്വന്തം ലേഖകന്
കോഴിക്കോട്: പാർട്ടിയിലേക്കു വന്ന നടന് ഭീമന് രഘു നേതൃത്വത്തിന് പാരയായതോടെ സിനിമാ നടൻമാരടക്കമുള്ള കലാകാരന്മാരുടെ കാര്യത്തില് സൂക്ഷിച്ച് ഇടപെടാന് ബിജെപി.
ജനകീയ മുഖമുള്ള പൊതുസമ്മതരെ പാര്ട്ടിയിലേക്ക് കൊണ്ടുവരിക എന്ന കേന്ദ്രനിര്ദേശത്തെ തുടര്ന്നാണ് ഒരുകൂട്ടം സിനിമാ നടന്മാരെ ബിജെപി ലക്ഷ്യമിട്ടത്.
ഇ തില് ആദ്യംതന്നെ ബിജെപിയില് ചേര്ന്നയാളായിരുന്നു ഭീമന് രഘു. എന്നാല് ഇദ്ദേഹം ബിജെപിയിലെ ഉള്ളുകള്ളികള് പരസ്യമായി വെളിപ്പെടുത്തി പാര്ട്ടിവിട്ടത് വലിയ തലവേദനയായിരിക്കുകയാണ്.
കെ. സുരേന്ദ്രനും ശോഭാസുരേന്ദ്രനും തമ്മിലുള്ള തര്ക്കവും തെരഞ്ഞെടുപ്പുകാലത്തെ പണപ്പിരിവും ഉള്പ്പെടെ വലിയ വിമര്ശനങ്ങളാണ് ഭീമന് രഘു പരസ്യമായി ഉന്നയിച്ചത്.
കേരള ബിജെപി ഇപ്പോള് ഒരു കോക്കസിന്റെ കൈയിലാണ്. അത് മാറിയെങ്കില് മാത്രമേ പാര്ട്ടി മുന്നോട്ട് പോകുകയുള്ളൂവെന്ന് തുറന്നടിച്ച ഭീമന് രഘു, താന് നിയമസഭയിലേക്കു മത്സരിച്ച വേളയില് സുരേഷ്ഗോപി പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയെ നേതൃനിരയിലേക്ക് കൊണ്ടുവരാന് കെ. സുരേന്ദ്രനും വി. മുരളീധരനും താല്പര്യമില്ലെന്നും പാര്ട്ടി കൈവിട്ടുപോകുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ഭീമന് രഘു പുകഴ്ത്തുകയും ചെയ്തു.ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംഘടനയിലൂടെ അല്ലാതെ പുറത്തുനിന്നും എത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില് പാര്ട്ടി പുനര്ചിന്തക്കൊരുങ്ങുന്നത്.
പാര്ട്ടിവിടുമ്പോള് ഇത്തരം ആളുകള് സംഘനാകാര്യങ്ങള് കൂടി പരസ്യമായി വിളിച്ചുപറയുന്നത് പാര്ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്.
പാര്ട്ടിയില് എത്തിയ ഉടൻ ഭീമന് രഘുവിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മല്സരിക്കാന് ബിജെപി അവസരം നല്കിയിരുന്നു.