പാര്‍ട്ടിക്കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും സിപിഎമ്മുകാരുടെ വക ക്രൂരമര്‍ദ്ദനം. അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് ബിംബുങ്കാലിലെ ബനാര്‍ദ്ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
കാസര്‍കോട് ബിംബുങ്കാലാല്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അടുത്തിടെ ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റാന്‍ തയ്യാറായില്ലെന്നും എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതിര്‍ വശത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഓടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനേയും ആക്രമിക്കുകയാണെന്നുമാണ് പരാതി.
എന്നാല്‍ വീടിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിയിലേക്കുള്ള വഴി ജനാര്‍ദ്ദനന്റെ കുടുംബം കയ്യേറിയതാണെന്നും വീടിന്റെ വഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലം കൂടി കയ്യേറാന്‍ ശ്രമിച്ചപ്പോഴാണ് കൊടിനാട്ടിയതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. വീട്ടമ്മയേയും മകനേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വീട്ടുകാരുമായി ഒത്തുതീര്‍പ്പിനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി നേതൃത്വം എന്നാണ് വിവരം.