ആര്‍എസ്എസ് വേദിയില്‍ സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന് പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസ് സേവാ പ്രമുഖിന്റെ സ്മരണാ പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്. അതേസമയം, എംഎല്‍എയുടെ നടപടി ആര്‍എസ്എസിനെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് എംഎല്‍എ ഇക്കാര്യത്തില്‍ പിന്നീട് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ അരുണനെതിരേ നടപടി എടുക്കണമെന്ന ആവശ്യത്തിലാണ് അണികള്‍. വി.ടി. ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനെതിരായി രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്.
ആര്‍എസ്എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാര്‍ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്ത നടപടി സി.പി.എം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ അഭിപ്രായം. സ്വന്തം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍ എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സൈബര്‍ സഖാക്കളും നിശബ്ദരായി. നേരത്തെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഖമറുന്നീസ അന്‍വര്‍ തിരൂരില്‍ ബിജെപി സംഘടിപ്പിച്ച ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വലിയ വിവാദത്തിലായിരുന്നു.
ബീഫ് വിവാദത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് അരുണന്റെ നടപടി പാര്‍ട്ടിയെ പിന്നോട്ടടിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ഭയം. പ്രത്യേകിച്ച് ആര്‍എസ്എസ് നയങ്ങള്‍ക്കെതിരേ സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് ജനകീയ മുന്നേറ്റമുണ്ടാകുന്നെന്നു കരുതപ്പെടുന്ന അവസരത്തില്‍. സോഷ്യല്‍മീഡിയയില്‍ സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ ഈ സംഭവം വഴിയൊരുക്കുമെന്ന ഭയത്തിലാണ് പാര്‍ട്ടി നേതൃത്വം.