മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വം. എസ്. രാജേന്ദ്രൻ പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം മൂന്നാർ ഏരിയാ സെക്രട്ടറി കെ.കെ. വിജയൻ ആരോപിച്ചു.
രാജേന്ദ്രൻ കള്ളപ്രചാരണം നടത്തുകയാണ്. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ രാജേന്ദ്രന് അവസരം നൽകിയിട്ടുണ്ട്. ഇപ്പോഴും പാർട്ടിയിലെത്തി പ്രവർത്തിക്കാൻ അവസരമുണ്ട്.
രാജേന്ദ്രന്റ കൂടെ നിൽക്കുന്നവരെ പാർട്ടി ആക്രമിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രാജേന്ദ്രനൊപ്പം ആളുകൾ ഇല്ലെന്നും സിപിഎമ്മിൽ ഉള്ളവർ ഇപ്പോഴും പാർട്ടിയിൽതന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.