നീണ്ടൂർ: 18നു നടക്കുന്ന കോട്ടയം നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്ന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് കടത്താൻ സിപിഎം ശ്രമമെന്ന് ആക്ഷേപം.
യുഡിഎഫ് പാനലിൽ മത്സരിക്കുന്നവർ ഇന്നലെ രാവിലെ സൂക്ഷ്മ പരിശോധനക്കായി ബാങ്ക് ഓഫീസിൽ എത്തിയപ്പോൾ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് സൂക്ഷിക്കുന്ന മുറിയിൽ സിപിഎം മുൻ ബോർഡഗംമായ വനിത നൂറുകണക്കിന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ തരം തിരിച്ച് അടുക്കുകയും നിയമവിരുദ്ധമായി കാർഡുകൾ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു.
ഇതിനെതിരേ ഡിസിസി ജനറൽ സെക്രട്ടറി എം. മുരളിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരായ അംഗങ്ങൾ റിട്ടേണിംഗ് ഓഫീസറുടെ മുമ്പിൽ പ്രതിഷേധിച്ചു.
കാർഡ് നഷ്ട്ടപ്പെട്ടവരും പുതിയതായി ചേർന്നവരും നേരിട്ടു ബാങ്കിൽ എത്തി ഫോമിൽ ഒപ്പിട്ട് കാർഡ് കൈപ്പറ്റണമെന്ന കർശനനിയമമുള്ളതാണ്. കാർഡുകൾ ബാങ്കിന്റെ പൂർണമായ നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടതുമാണ്.
ഇങ്ങനെ നിയമം നിലനിൽക്കുമ്പോഴാണ് ബാങ്കുമായി നിലവിൽ യാതൊരു ബന്ധവുമില്ലാത്ത ആൾ കാർഡുകൾ കൈകാര്യം ചെയ്തത്.
പരാജയഭീതി പൂണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പു നടപടികൾ സുതാര്യമായിരിക്കണമെന്നും കാർഡ് വിതരണം നിയമപരമായിത്തന്നെ നടത്തണമെന്നും ബാങ്കിന്റെ സിസിറ്റിവി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എം. മുരളി ഇലക്ട്രറൽ ഓഫീസർക്കു പരാതി നൽകി.