വടക്കഞ്ചേരി: വണ്ടാഴി മോസ്കോ മുക്കിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി ഡി വൈ എഫ് ഐ യുടെ പ്രാദേശിക നേതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകരായ അഞ്ച് യുവാക്കളെ ആലത്തൂർ ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
വണ്ടാഴി സ്വദേശികളായ കമ്മാന്തറ ശാന്ത നിവാസിൽ കെ.കെ.രതീഷ് (36), മാപ്പിളപ്പൊറ്റ എം.മഹേഷ് (22), മാത്തൂർ മൊക്കിൽ വീട് ആർ.റിതിൻ (24), മാത്തൂർ ചേരാംഗലം സി.സുജിൻ (24), പുല്ലംപാടം ആർ രജീഷ് (മണിക്കുട്ടൻ 22 ) എന്നിവരാണ് അറസ്റ്റിലായത്.ആക്രമണത്തിന് ഉപയോഗിച്ച വാൾ, ഇരുന്പ് കന്പി, ഇരുന്പ് പൈപ്പ് എന്നിവ മേലാർക്കോട്കൂളിയാട് തോട്ട് പാലത്തിനടിയിൽ നിന്നും പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
സംഘം എത്തിയ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടക്കിടെയുള്ള രാഷ്ട്രിയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ആരംഭിച്ചതാണ് രാഷ്ട്രീയ പ്രശ്നങ്ങൾ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി തിരിച്ച് പോയിരുന്ന ബി.ജെ.പി പ്രവർത്തകരെ പാർട്ടി ഓഫീസിനടുത്ത് വെച്ച് തടഞ്ഞ് വാക്കേറ്റവും അടിപിടിയും ഉണ്ടായതാണ് പ്രകോപനത്തിനിടയാക്കിയത്.
പാർട്ടി ഓഫീസ് ആക്രമണ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.സംഭവം ആസൂത്രണം ചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേക്ഷിക്കും. ബൈക്കുകളുടെ ഉടമയെക്കുറിച്ചും പരിശോധിച്ച് വരികയാണെന്നും അന്വേക്ഷണ സംഘത്തിലെ മംഗലംഡാം എസ്.ഐ എം.ശിവദാസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികൾ ഡിവൈഎസ്പിക്കു മുബാകെ ഇന്നലെ കീഴടങ്ങുകയായിരുന്നു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക ശ്രമത്തിനാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡും മംഗലംഡാം എ എസ് ഐ ശ്രീധർ തുടങ്ങിയവരുമുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ബൈക്കുകളിലെത്തിയ സംഘം സി പി എമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി അക്രമം നടത്തിയത്.പരിക്കേറ്റ ഡിവൈഎഫ്ഐ നേതാക്കൾ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടു. വണ്ടാഴിയിൽ ഇപ്പോഴും പോലീസ് പിക്കറ്റും പട്രോളിംഗും നടക്കുന്നുണ്ട്.