കോഴിക്കോട് : സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനു നേരേ ബോംബെറിയുകയും ജില്ലാസെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന.അടുത്ത ദിവസം തന്നെ അറസ്റ്റ് രെഖപ്പെടുത്തും. വളയം നാദാപുരം മേഖലകളില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പിടിയിലായത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കൂടി കണ്ടെത്തേണ്ടതിനാലാണ് അറസ്റ്റ് ഇതുവരേയും രേഖപ്പെടുത്താന്‍ വൈകുന്നത്. അതീവ രഹസ്യമായാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം സൂക്ഷിക്കുന്നത്.
ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന് സ്മാരകമന്ദിരത്തിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞത്.
തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കു ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചോളം വകുപ്പുകളുള്‍പ്പെടെ ചുമത്തിയായിരുന്നു നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ സെക്രട്ടറി പി. മോഹനന് കാറില്‍ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത് . രണ്ടു സ്റ്റീല്‍ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് ബോംബേറില്‍ നിന്നു മോഹനന് രക്ഷപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പ്രവര്‍ത്തകരെ കേസില്‍ കുടുക്കിയതാണെന്ന പരാതിയുമായി സംഘപരിവാര്‍ സംഘടനകള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അറിയുന്നു.