കൂരാച്ചുണ്ട്: പേരാമ്പ്രയില്‍ സിപിഎം ഓഫീസ് തീവച്ച് നശിപ്പിച്ചു. വാല്യക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കിയത്. ഇന്നലെ അര്‍ധരാത്രി 11.45നാണ് സംഭവം.
വഴിപോക്കരാണ് ഓഫീസ് കത്തുന്നത് കണ്ടത്. ഓടുമേഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുങ്ങിയ മുറിയിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ്.
തീപിടിത്തത്തില്‍ ഓഫീസിന്റെ ജനാല കത്തി നശിച്ചു. കൂടാതെ ഓഫീസിലുള്ള ഫ്ളക്സ് ബോര്‍ഡ്, സ്റ്റീല്‍ അലമാര, ഫയലുകള്‍ എന്നിവയും കത്തി നശിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളായ എഎസ്സിഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പി.വിനോദന്‍, ടി.ബബീഷ്, കെ.കെ.ഷിഖിലേഷ്, ആര്.ജിനേഷ്, എസ്.കെ.സുധീഷ്, ഹോം ഗാര്‍ഡ് എ.സി.അജീഷ് എന്നിവര്‍ ചേര്‍ന്ന് തീയണച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പിണറായി വിജയനെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പേരാമ്പ്ര മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.