തലശേരി: നഗരമധ്യത്തിലെ സിപിഎം ഓഫീസ് അടിച്ചു തകർത്തു. അക്രമിയെ മണിക്കൂറുകൾക്കകം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പിന്തുടർന്ന് പിടികൂടി.
ഇന്ന് പുലർച്ചെ 4.30 നാണ് സംഭവം. സിപിഎം സെയ്ദാർ പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസായ ടി.സി. ഉമ്മർ സ്മാരക മന്ദിരമാണ് തകർക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോപാൽ പേട്ട ബൈതുൽ ഉമൈബാനിൽ നസീലി ( 24 )നെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. നാലരയോടെ ഓഫീസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, കാരം ബോഡ്, കൊടിമരം തുടങ്ങി ഓഫീസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു.
തുടർന്ന് ഒരു സിപിഎം പ്രവർത്തനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫീസ് ഞാൻ തകർത്തു എന്നറിയച്ച ശേഷം സ്ഥലം വിട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ ടി.സി. ഖിലാബിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരും പോലീസും ചേർന്ന് നസീലിനെ രാവിലെ ഏഴരയോടെ മാർക്കറ്റ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
ഇന്നലെ വൈകുന്നേരം സ്റ്റേഡിയത്തിനു സമീപം വച്ച് നസീൽ ചിലരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. താനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടവർ സിപിഎം പ്രവർത്തകരാണെന്നും താൻ എസ്ഡിപിഐ പ്രവർത്തകനാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ു