ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്.
മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് സംഘടനയെ ശക്തിപ്പെടുത്താമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ കണക്കക്കൂട്ടല്‍.
പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്ന പൂര്‍വ്വ ബര്‍ദമാന്‍ ജില്ലയിലെ ലോക്കല്‍ കമ്മിറ്റി. 1999ല്‍ ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത്. സിംഗൂര്‍, നന്തിഗ്രാം സംഭവങ്ങള്‍ക്ക് പിന്നാലെ 2011ല്‍ പാര്‍ടിക്ക് അധികാരം നഷ്ടമായതോടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. അടിത്തറ മെച്ചപ്പെടുത്താന്‍ ഏഴുവര്‍ഷം പിന്നിടുമ്പോഴും സിപിഎമ്മിന് സാധിച്ചിട്ടില്ല.
പാര്‍ടി ഓഫീസില്‍ ഉണ്ടായിരുന്ന മാര്‍ക്‌സിന്റെയും ലെനിനിന്റെയും ഏംഗല്‍സിന്റെയും ജ്യോതിബസുവിന്റേയുമൊക്കെ ചിത്രങ്ങള്‍ എടുത്തുമാറ്റി. പാര്‍ടി ഓഫീസ് വാടകക്ക് നല്‍കാന്‍ ജില്ലാ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് പൂര്‍വ്വ ബര്‍ദമാന്‍ ജില്ലാ സെക്രട്ടറി നാരായണ്‍ ചന്ദ്രഘോഷ് പറഞ്ഞു. 2011വരെ പൂര്‍വ്വ ബര്‍ദ്വാന്‍ ജില്ലയിലെ 15 നിയമസഭാ സീറ്റും സിപിഎമ്മിന്റേതായിരുന്നു. ഇന്ന് ഇത് ഒരു സീറ്റ് മാത്രമായി കുറഞ്ഞു.
ഓഫീസ് നിലനിര്‍ത്തിക്കൊണ്ടു പോവുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. വൈദ്യുതി ബില്ല് അടക്കണം, മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കണം എന്നിങ്ങനെയുള്ള ചെലവുകളുണ്ട്. അത് കുറച്ചുകൊണ്ടുവാരാന്‍ ഓഫീസ് കൈവിടുന്നതിലൂടെ കഴിയും. വാടകയായി കിട്ടുന്ന പൈസ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും കഴിയുമെന്ന് ഘോഷ് പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം ബംഗാളില്‍ തകര്‍ന്നടിയുമെന്നാണ് വിവിധ പ്രീപോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.