കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം കമ്മീഷൻ എത്തും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം കമ്മീഷനെ തീരുമാനിക്കും.
പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്ന് സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. കേന്ദ്രകമ്മറ്റിയംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ് എന്നിവരിലൊരാൾ കമ്മീഷനംഗമാകാനാണ് സാധ്യത. അല്ലെങ്കിൽ സംസ്ഥാന കമ്മറ്റിയംഗങ്ങൾ ഉൾപ്പെടുന്ന മൂന്നു പേരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചേക്കും.
കഴിഞ്ഞ തവണ പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതുമായി ബന്ധപ്പെട്ട് ബേബി ജോണ് ഏകാംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്.
ഇതനുസരിച്ച് പാർട്ടി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽ കമ്മീഷൻ പരിശോധന നടത്തുകയും പാർട്ടി അംഗങ്ങളിൽ നിന്നും വിവരങ്ങൾ ആരായുകയും നിരവധി നേതാക്കൾക്കെതിരെ സംഘടനാ നടപടിയെടുക്കുകയും ചെയ്തിരുന്നു. പാർട്ടി വോട്ടുകൾ ചോർന്നില്ലായിരുന്നെങ്കിൽ പാലായിൽ വിജയിക്കാമായിരുന്നുവെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പാലായിലെ തോൽവിയിൽ യോഗത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള വൈക്കം വിശ്വനും സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസും വിഷയത്തിൽ ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലും പാലായിലെ തോൽവിയെ ചൊല്ലി വാഗ്വാദം ഉണ്ടായി. സിപിഎം വോട്ടുകൾ ചോർന്നില്ലെന്നും കേരള കോണ്ഗ്രസ് വോട്ടുകളാണ് ചോർന്നതെന്നും പാലായിലെ സിപിഎം നേതാക്കൾ യോഗത്തിൽ റിപ്പോർട്ട് നൽകിയപ്പോൾ മറ്റ് അംഗങ്ങൾ എതിർത്തു.
യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനുമായി പാലായിലെ സിപിഎമ്മിന്റെ ലോക്കൽ ഏരിയാ നേതാക്കൾ നല്ല ബന്ധം പുലർത്തിയിരുന്നതായും ആ ബന്ധം തെരഞ്ഞെടുപ്പ് സമയത്തും പ്രകടിപ്പിച്ചെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.കൂടാതെ യുഡിഎഫ് നേതാക്കൾ ഉയർത്തിയ അപവാദങ്ങളെ പ്രതിരോധിക്കാനായില്ല.
ജോസ് കെ. മാണിക്കും എൽഡിഎഫിനുമെതിരേ വ്യക്തി ഹത്യ നടന്നു. ഇത് താഴേത്തട്ടിൽവരെ വലിയ രീതിയിൽ യുഡിഎഫിന് അനൂകൂലമായി. ഇതു മനസിലാക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന റിപ്പോർട്ടാണ് സിപിഎം പാലാ ഏരിയാ കമ്മിറ്റി റിപ്പോർട്ട് നൽകിയതെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
പാലായ്ക്കുപുറമേ ജില്ലയിലെ കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ചു വിമർശനമുയർന്നു. കടുത്തുരുത്തിയിൽ ആത്മാർഥവും ജാഗ്രതയോടുകൂടിയുമുള്ള പ്രവർത്തനം നടന്നിരുന്നെങ്കിൽ വിജയിക്കാമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടേറിയേറ്റിന്റെയും വിലയിരുത്തൽ.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവം ഗുണം ചെയ്തെങ്കിലും സിപിഎം ഘടകങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്നു വിലയിരുത്തലുണ്ടായി.തിരുവഞ്ചൂർരാധാകൃഷ്ണന്റെ കൈയിൽ നിന്നും അച്ചാരം വാങ്ങിച്ചോ എന്നുവരെ മുതിർന്ന ഒരു നേതാവ് ജില്ലാ കമ്മിറ്റി യോഗത്തിൽപൊട്ടിത്തെറിച്ചു.
എന്നാൽ സ്ഥാനാർഥിയും ജില്ലാ കമ്മിറ്റിയംഗവുമായ കെ.അനിൽകുമാർ പാർട്ടി ഘടകങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിച്ചെന്നാണ് യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ തവണത്തേക്കാളും 6000 വോട്ടുകൾ അധികമായി ലഭിച്ചുവെന്നും അനിൽകുമാർ പറഞ്ഞു.