കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജനങ്ങളുടെ പൾസ് മനസിലാക്കാൻ സിപിഎം പ്രാദേശിക നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്.എൽഡിഎഫ് സ്ഥാനാർഥിക്ക് പരാജയം സംഭവിക്കുമെന്നത് മുൻകൂട്ടി മനസിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കഴിഞ്ഞില്ല.
കേരള കോണ്ഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ വോട്ടുകൾ വൻതോതിൽ എത്തുമെന്ന് മിഥ്യാ പ്രതീക്ഷ നേതാക്കൾ വച്ചു പുലർത്തി.
എൽഡിഎഫിലേക്ക് കേരള കോണ്ഗ്രസ് എം എത്തിയെങ്കിലും നേതാക്കൾ മാത്രമാണ് എത്തിയതെന്നും കാലാകാലങ്ങളായി കേരള കോണ്ഗ്രസ് എമ്മിനു വോട്ടു രേഖപ്പെടുത്തിയവർ ഇത്തവണയും യുഡിഎഫിനൊപ്പമായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി.
ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ മാണി സി. കാപ്പനെ ഒന്നര വർഷത്തിനുശേഷം ഒഴിവാക്കിയ നടപടിയെ ജനം സ്വീകരിച്ചില്ലെന്നും ഇത് ഒഴിവാക്കാമായിരുന്നതാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ വരെ കമ്മീഷനു മുന്പാകെ എഴുതി നൽകി.
പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പരാജയം പഠിക്കാൻ സിപിഎം നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോർട്ട് 25നു നടക്കുന്ന ജില്ലാ കമ്മറ്റിയോഗത്തിൽ സമർപ്പിക്കും.കടുത്തുരുത്തിയിലും പാലാ കമ്മീഷൻ റിപ്പോർട്ടിലെ സമാന കാര്യങ്ങളാണുള്ളത്.
എൽഡിഎഫ് സ്ഥാനാർഥി വിജയസാധ്യത കുറവുള്ളയാളായിരുന്നുവെന്നു പലരും കമ്മീഷനു മുന്പാകെ മൊഴി നൽകി. യുഡിഎഫ് സ്ഥാനാർഥിയെ മാത്രമല്ല എൽഡിഎഫ് സ്ഥാനാർഥി നേരിട്ടതെന്നും കേരള കോണ്ഗ്രസ് എമ്മിലെ സ്ഥാനാർഥി മോഹികളായ അഞ്ചു നേതാക്കളോടും ഏറ്റുമുട്ടേണ്ടി വന്നെന്നും നേതാക്കൾ കമ്മീഷനു മുന്പാകെ മൊഴി നൽകി.
ഈ നേതാക്കളുടെ ഭാഗത്തുനിന്നും വേണ്ടത്ര സഹകരണമുണ്ടായില്ല. പാലായിൽ മത്സരിക്കാതെ ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിച്ചാൽ വിജയ സാധ്യത കൂടുതലായിരുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.ഇരു കമ്മീഷനും ഒരു നേതാവിനെതിരെയും നടപടിക്ക് ശിപാർശ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പാലായിൽ ജോസ് കെ. മാണിയുടെ പരാജയത്തിന്റെ കാരണം കണ്ടെത്താൻ നിയോഗിച്ചരിക്കുന്നത് രണ്ടംഗ കമ്മീഷനെയാണ്. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പ്രഫ. എം.ടി. ജോസഫും ടി.ആർ. രഘുനാഥനും അംഗങ്ങളായ കമ്മീഷൻ മൂന്നു തവണ പാലായിൽ സിറ്റിംഗ് നടത്തി.
മണ്ഡലം കമ്മറ്റിയംഗങ്ങൾ മുതൽ ബ്രാഞ്ചു സെക്രട്ടറിമാർ വരെയുള്ളവരെ നേരിൽകണ്ടു വിവരങ്ങൾ ശേഖരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ. ഹരികുമാറും കെ.എം. രാധാകൃഷ്ണനും അംഗങ്ങളായ കമ്മീഷനാണു കടുത്തുരുത്തിയിൽ സിറ്റിംഗ് നടത്തിയത്.
കമ്മീഷനംഗത്തിന് കോവിഡ് ബാധിച്ചതിനാൽ കടുത്തുരുത്തിയിൽ സിറ്റിംഗ് കുറവായിരുന്നു. എങ്കിലും മണ്ഡലം കമ്മിറ്റിയംഗങ്ങളെയും ഏരിയാ ലോക്കൽ കമ്മറ്റിയംഗങ്ങളെയും നേരിൽ കണ്ടു വിവരങ്ങൾ ശേഖരിച്ചു. കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മറ്റി ചർച്ച ചെയ്തതിനുശേഷം സംസ്ഥാന കമ്മറ്റിക്കു കൈമാറും. ഇതിനു ശേഷമായിരിക്കും തുടർ നടപടികൾ.
തെരഞ്ഞെടുപ്പ് തോൽവികളെക്കുറിച്ച് ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ച
കോട്ടയം: പാർട്ടി കോണ്ഗ്രസിനു മുന്നോടിയായി ആരംഭിച്ച സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പ് തോൽവിയാണു പ്രധാന ചർച്ചാ വിഷയം.പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്.
കേരള കോണ്ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, മാണി സി. കാപ്പനു സീറ്റ് നിഷേധിച്ചത് എന്നിവയാണു ചൂടേറിയ ചർച്ച. കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയവും പ്രദേശത്തെ ബ്രാഞ്ചുകളിൽ ചർച്ചാവിഷയമാണ്.
പുതുപ്പള്ളിയിൽ ജയ്ക് സി. തോമസിന്റെ സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും സമ്മേളനങ്ങളിൽ അനുകൂലമായ ചർച്ചയാണുണ്ടാക്കിയിരിക്കുന്നത്.