കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിക്കൽ എത്തിയതോടെ സിപിഎം വിപുലമായ തയാറെടുപ്പുകൾ ആരംഭിച്ചു. കാൽനടജാഥ, ഭവന സന്ദർശനം തുടങ്ങിയ പ്രചാരണ പരിപാടികൾക്കുള്ള പദ്ധതികൾ തയാറാക്കി. ഒപ്പം കോട്ടയം സീറ്റിലേക്കുള്ള സ്ഥാനാർഥിയെക്കുറിച്ചും ആലോചന തുടങ്ങി. കാൽനട ജാഥയിലും ഭവന സന്ദർശനങ്ങളിലും ശബരിമല പ്രശ്നമാവും പ്രധാനമായും വിശദീകരിക്കുക. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരി്ച്ച നിലപാടിൽ വിശ്വാസി വോട്ടുകൾ ഏകീകരിക്കുകയാണ് ലക്ഷ്യം.
പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് സിപിഎം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്ക് കടക്കുന്നത്. ജില്ലയിൽ ഉൾപ്പെടുന്ന കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം നടന്നു കഴിഞ്ഞു. മാവേലിക്കര മണ്ഡലം കമ്മിറ്റി രൂപീകരണവും കഴിഞ്ഞ ദിവസം നടന്നു.
കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.ആർ. രഘുനാഥനും പത്തനംതിട്ടയിൽ സംസ്ഥാനകമ്മിറ്റിയംഗം കെ. അനന്തഗോപനുമാണ് സെക്രട്ടറിമാർ. മാവേലിക്കരയിൽ സജി ചെറിയാൻ എംഎൽഎയാണ് സെക്രട്ടറി. പാർലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിനുശേഷം നിയോജക മണ്ഡലം തലത്തിലും കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ട്.
താഴെ തട്ടിൽ ഇതിന്റെ യോഗങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുള്ള സംസ്ഥാന, ജില്ല, ഏരിയാ കമ്മിറ്റി അംഗങ്ങൾ ലോക്കൽ സെക്രട്ടറിമാർ എന്നിവരാണു പാർലമെന്റ് മണ്ഡലം കമ്മിറ്റിയിലുള്ളത്.
നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിമാർ നയിക്കുന്ന രാഷ്ട്രീയ കാൽനട പ്രചാരണ ജാഥ നവംബർ 20 മുതൽ ഡിസംബർ ഒന്നുവരെ നടക്കും. ജാഥകൾക്കു മുന്നോടിയായി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും പഞ്ചായത്ത് അടിസ്ഥാനത്തിൽ നവേഥാന സദസുകളും സംഘടിപ്പിക്കും.
കോട്ടയം സീറ്റ് സിപിഎമ്മിനു തന്നെ
കോട്ടയം: കഴിഞ്ഞ തവണ കോട്ടയം പാർലമെന്റ്് മണ്ഡലം അവസാന നിമിഷം സിപിഎമ്മിനു ഘടകക്ഷിയായ ജനതാദളിനു നൽകേണ്ടിവന്നു. ഇത്തവണ ജനതാദൾ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. അതിനാൽ സിപിഎമ്മിനു തന്നെ സീറ്റു ലഭിക്കാനാണു സാധ്യത.
കോട്ടയത്ത് ഇത്തവണ ജയസാധ്യത ഉണ്ടെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ജില്ലാ നേതൃത്വം. പത്തനംതിട്ടയിൽ കഴിഞ്ഞ തവണയും സിപിഎമ്മിനായിരുന്നു സീറ്റ്.
ഇത്തവണയും സീറ്റ് സിപിഎമ്മിനു തന്നെ ലഭിച്ചേക്കും. ഇവിടെയും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും ജയസാധ്യതയുണ്ടെന്നുമാണ് സിപിഎം വിലയിരുത്തൽ. ചങ്ങനാശേരി മണ്ഡലം ഉൾപ്പെടുന്ന മാവേലിക്കര സീറ്റ് സിപിഐയുടേതാണ്. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവച്ച ഇവിടെ ഇത്തവണ സീറ്റ് പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. ഇക്കാര്യത്തിൽ സിപിഐ നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തു.
20 പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെയും രൂപീകരണത്തിനുശേഷം നവംബർ ഒന്നു മുതൽ മൂന്നു വരെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിൽ നടത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യും. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവർ മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്യാപ്റ്റനായി കാസർകോഡുനിന്നും തിരുവനന്തപുരത്തേക്ക് കേരള മാർച്ച് നടത്താനാണു സിപിഎം തീരുമാനം. ശബരിമല വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സിപിഎം നിലപാട് ജാഥയിൽ വിവരിക്കും. സംസ്ഥാന ജാഥ രണ്ടാക്കാനും ആലോചനയുണ്ട്. രണ്ടു സെക്രട്ടേറിയേറ്റംഗങ്ങളെ ക്യാപ്റ്റനാക്കി വടക്കുനിന്നും തെക്കുനിന്നും കാൽനട ജാഥയേക്കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട്.