കോഴഞ്ചേരി: പാര്‍ട്ടിയിലെ വിവാദ വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാതെയും നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചും നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം. മുന്‍കാലങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആവേശത്തോടെയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നത്.
ഇതിനോടൊപ്പം പാര്‍ട്ടി അനുഭാവികളും വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും സമ്മേളത്തില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടി മെംബര്‍മാര്‍ മാത്രമാണ് പലയിടത്തുമുള്ളത്. ഇതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉദ്ഘാടന സമയത്ത് പാര്‍ട്ടി അനുഭാവികളും പ്രദേശവാസികളുമുള്‍പ്പെടെ കുറഞ്ഞത് 50 പേര് പങ്കെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമെങ്കിലും പല സ്ഥലങ്ങളിലും 20 പേര് മാത്രമാണ് പങ്കെടുക്കുന്നതെന്നും, ചില സ്ഥലങ്ങളില്‍ ഇതിലും കുറവാണെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് ചൂണ്ടിക്കാട്ടി.
മേല്‍ഘടകങ്ങളില്‍ നിന്നു നിയന്ത്രണം ഉണ്ടായിട്ടും ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ നടത്തുന്നത്. എന്നാല്‍ സംഘടനാ രംഗത്തുള്ള തെറ്റുകളും നേതാക്കളുടെ ഏകാധിപത്യ ശൈലിയും ചൂണ്ടിക്കാട്ടാന്‍ അനുവാദമില്ല. ബ്രാഞ്ച് സെക്രട്ടറിയാകുന്നതിനുപോലും പലരും തയാറാകുന്നില്ല.
പല തരത്തിലുള്ള ഫണ്ട് സമാഹരണമാണ് ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രധാന ചുമതല. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വന്‍ തോതിലുള്ള തുകകളാണ് പിരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നതും ഇത് അമിത ഭാരം ഉണ്ടാക്കുന്നുവെന്നും നിലവിലെ സെക്രട്ടറിമാര്‍ സമ്മേളനങ്ങളില്‍ പറഞ്ഞിരുന്നു.