അനുമോൾ ജോയ്
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ രണ്ടായിരത്തോളം പോലീസിനെ വിന്യസിക്കും. സിപിഎം പാർട്ടി കോൺഗ്രസിന്റെ സുരക്ഷാ ചുമതലക്ക് മൂന്ന് എസ്പിമാരെ നിയോഗിക്കും.
പാർട്ടി കോൺഗ്രസിനായി മൂന്നുമുതൽ സിപിഎമ്മിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തി തുടങ്ങും. ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്.
ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്പിയേയും സുരക്ഷാ ചുമതലക്ക് രണ്ട് എസ്പിമാരെയുമാണ് നിയമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 2001 പോലീസുകാർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കും.
കൂടാതെ, ആന്റി മാവോയിസ്റ്റ് സ്ക്വാഡിനെയും കെഎപി ബറ്റാലിയൻ പോലീസ് സേനയേയും വിന്യസിക്കും. ഫുഡ് ആൻഡ് സേഫ്റ്റി, പിഡബ്ല്യൂഡി തുടങ്ങിയവർക്കും പോലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്.
കെ- റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രിൽ ആറുമുതൽ 10 വരെയാണ് പാർട്ടികോൺഗ്രസ് നടക്കുക.
കണ്ണൂരിൽ ഏഴുലക്ഷം പേർ എത്തുമെന്ന് പോലീസ് പാർക്കിംഗ് സൗകര്യമില്ല,ഗതാഗതം സ്തംഭിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രിൽ മൂന്ന് മുതൽ 10 വരെ ഏകദേശം ഏഴ് ലക്ഷത്തോളം പേരാണ് കണ്ണൂരിൽ എത്തുന്നതെന്നാണ് പോലീസ് കണക്കുകൂട്ടൽ.
എന്നാൽ, നഗരത്തിലെത്തുന്ന ഇവരുടെ വാഹനം പാർക്ക് ചെയ്യാൻ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല നേതാക്കൾ.പൊതുപരിപാടികൾ വരുമ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഉപയോഗിച്ചിരുന്ന പോലീസ് മൈതാനവും മറ്റ് രണ്ട് മൈതാനങ്ങളിലും നിലവിൽ മറ്റ് പരിപാടികൾ നടക്കുന്നുണ്ട്.
കൂടാതെ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ വിളക്കുംതറ മൈതാനം പട്ടാളം കൊട്ടിയടച്ചതോടെ ആ പ്രതീക്ഷയും നഷ്ടമായി.
നിലവിൽ നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് തന്നെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. നിലവിൽ കോർപറേഷന്റെ പേ ആൻഡ് പാർക്കിംഗ് സൗകര്യം മാത്രമാണുള്ളത്.
അത് പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിന്നും വളരെ ദൂരെയായത് കൊണ്ട് തന്നെ അവിടെയും പാർക്ക് ചെയ്യാൻ സാധിക്കില്ല.
പാർട്ടി കോൺഗ്രസ് നടക്കുന്ന മറ്റൊരു സ്ഥലമായ ജവഹർ സ്റ്റേഡിയത്തിന് പുറത്ത് ചുരുങ്ങിയത് 20 വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കു.
ടൗൺ സ്ക്വയറിന്റെ അവസ്ഥയും ഇതുതന്നെയാണ്. പ്രധാന സ്ഥലമായ നായനാർ അക്കാദമിയിലും വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കു.
ഏപ്രിൽ മൂന്ന് മുതൽ ദേശീയ നേതാക്കളടക്കമുള്ളവർ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷ. പാർട്ടി കോൺഗ്രസ് നടക്കുന്ന ആറുമുതൽ 10 വരെ നഗരത്തിൽ ഗതാഗതം സ്തംഭിക്കാനാണ് സാധ്യത.