സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് കെ.വി. തോമസിന് പോലീസിന്റെയും സിപിഎമ്മിന്റെയും സുരക്ഷ.
ഇന്നലെ രാത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ ചുവപ്പ് ഷാൾ അണിയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്വീകരിച്ചത്.
തുടർന്ന്, ജയരാജനോടൊപ്പമായിരുന്നു കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് യാത്ര തിരിച്ചത്. കോൺഗ്രസ് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും കെ.വി. തോമസിന് ഒരുക്കിയിട്ടുണ്ട്.
ഒപ്പം, സിപിഎം പ്രവർത്തകരും കെ.വി. തോമസിനൊപ്പമുണ്ട്. കെ-റെയിൽ പദ്ധതിയെ അനുകൂലിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുമാണ് ഇന്നു രാവിലെ കണ്ണൂർ ഗസ്റ്റ് ഹൗസ് പരിസരത്ത് വച്ച് കെ.വി.തോമസ് മാധ്യമങ്ങളോട് സംസാരിച്ചത്.
ഇന്നു വൈകുന്നേരം അഞ്ചിന് “കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിലാണ് കെ.വി. തോമസ് പങ്കെടുക്കുക.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
സെമിനാറിൽ പങ്കെടുക്കാൻഎം.കെ. സ്റ്റാലിൻ ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തിച്ചേരും.
ക്ഷണിച്ചത് കോൺഗ്രസ് നേതാവെന്ന നിലയിൽ
കോൺഗ്രസ് നേതാവെന്ന നിലയിലാണ് കെ.വി.തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
തല്ലാൻ ധൈര്യമുണ്ടെങ്കിൽകാണട്ടെ
കെ.വി. തോമസിനെ തല്ലാൻ ധൈര്യമുണ്ടെങ്കിൽ കാണട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർ കെ.വി. തോമസിനെ തടയുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
സുധാകരനുംകണ്ണൂരിൽ
കണ്ണൂരിൽ കെ.വി. തോമസ് സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്പോൾ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കണ്ണൂരിലുണ്ടാകും.
അതിനാൽ, കെ.വി.തോമസിനെതിരേയുള്ള കെപിസിസിയുടെ അച്ചടക്ക നടപടി കണ്ണൂരിൽ നിന്നു തന്നെ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.