കണ്ണൂർ: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കമാകും. ബിജെപി മുഖ്യ എതിരാളിയാണെന്നും കോണ്ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്നും സിപിഎമ്മിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആശയസമരത്തേക്കാള് കൂടുതല് പാര്ട്ടി ഘടനയിലുള്ള ചര്ച്ചകള്ക്ക് പാർട്ടി കോൺഗ്രസിൽ പ്രാധാന്യമുണ്ടാകും ഇത്തവണ.
ഇ.എം.എസിനു ശേഷം കേരളത്തിൽനിന്ന് സിപിഎമ്മിന് ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്നാണ് മധുരയിലെ പാർട്ടി കോൺഗ്രസിൽ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്നിന്നുള്ള മുതിര്ന്ന അംഗവും മുന് വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ഗൗരവമായി ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല് ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്നിന്നുള്ള രണ്ടാമത്തെ നേതാവായിരിക്കും എം.എ. ബേബി.
1962-64 കാലത്തും പിന്നീട് 1978 മുതല് 1992 വരെയും ജനറല് സെക്രട്ടറിയായിരുന്നു ഇ.എം.എസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല് സെക്രട്ടറി സ്ഥാനത്ത് 2005 മുതല് 2015 വരെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കേരള ഘടകത്തിന്റെ പ്രതിനിധിയായല്ല ആ പദവിയില് എത്തിയിരുന്നത്.
സീതാറാം യെച്ചൂരിയുടെ മരണശേഷം പാര്ട്ടിയിൽ ഒരു സ്ഥിരം ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ആരും വന്നിരുന്നില്ല. അന്നുതന്നെ എം.എ. ബേബിയുടെ പേര് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉയര്ന്നു വന്നതാണ്. എന്നാല്, പാര്ട്ടി കോണ്ഗ്രസ് തീരുമാനിക്കട്ടെ എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ആന്ധ്ര മുന് സംസ്ഥാന സെക്രട്ടറി കൂടിയായ രാഘവലു, മഹാരാഷ്ട്രയിലുള്ള കര്ഷക നേതാവ് കൂടിയായ അശോക് ധാവ്ള എന്നിവരുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്.
കൂടുതൽ പിബി അംഗങ്ങൾ പുറത്തേക്ക്
ഇത്തവണ പാർട്ടി കോൺഗ്രസ് നടക്കുന്പോൾ 17 അംഗ പോളിറ്റ് ബ്യൂറോയിലെ ഏഴംഗങ്ങള് പ്രായപരിധി മാനദണ്ഡപ്രകാരം പുറത്തു പോകേണ്ടതാണ്. ഇവരില് സംസ്ഥാന മുഖ്യമന്ത്രിയായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില് ഇളവ് കിട്ടാന് സാധ്യത. സീതാറാം യെച്ചൂരിയുടെ മരണത്തോടെ കഴിഞ്ഞ സെപ്റ്റംബര് മുതല് പിബിയില് ഒരു അംഗത്തിന്റെ ഒഴിവുണ്ട്. മുതിര്ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, മണിക് സര്ക്കാര്, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണന് എന്നിവരാണ് പ്രായപരിധിയിൽ സ്ഥാനമൊഴിയുന്നത്.
പ്രായപരിധി കഴിഞ്ഞതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പിബിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് തീരുമാനിക്കണം. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ഇളവുനേടിയാണ് അദ്ദേഹം തുടർന്നത്. അത് രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതു പരിഗണിച്ചായിരുന്നു. ഇത്തവണയാവട്ടെ, പ്രായപരിധിയനുസരിച്ച് പിബിയിൽ ഏഴു പേർ ഒഴിയണം. അതിൽ പിണറായിക്കുമാത്രം ഇളവനുവദിച്ച് നിലനിർത്തുന്നത് ഒരുപക്ഷേ, തർക്കവിഷയമാവും.
വൃന്ദ കാരാട്ടിന് ഇളവ് നല്കി പോളിറ്റ് ബ്യൂറോയില് നിലനിര്ത്തണമെന്നും ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പാര്ട്ടിയിലെ മുതിര്ന്ന വനിതാ നേതാക്കള് ഉള്പ്പെടെ പലരും ആവശ്യപ്പെടുന്നുണ്ട്. കേരള ഘടകത്തിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായമുണ്ട്. എന്നാല് ജനറല് സെക്രട്ടറി ആകാന് വേണ്ടി മാത്രമായി ഒരു നേതാവിന് ഇളവ് കൊടുക്കുന്ന പതിവ് പാര്ട്ടിയിലില്ലെന്ന് മറ്റു ചിലര് ചൂണ്ടിക്കാണിക്കുന്നു.
- റെനീഷ് മാത്യു