നിശാന്ത് ഘോഷ്
കണ്ണൂർ: കണ്ണൂർ പാർട്ടി കോൺഗ്രസ് സി.എസ്. സുജാതയെയെയും പി. സതീദേവിയെയും കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു പിന്നിലുള്ളത് പിണറായി വിഭാഗത്തിന്റെ ഉൾപാർട്ടി ഒത്തു തീർപ്പ് തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകർ.
പാർട്ടിക്കുള്ളിൽ ഒരു തരത്തിലുള്ള ചേരി തിരിവുമില്ലെന്ന് നേതൃത്വം പറയുന്പോഴും വി.എസ്, പിണറായി വിഭാഗമെന്ന അന്തർധാന സജീവമാണ്. ആലപ്പുഴ ഉൾപ്പെടെയുള്ള ചില തെക്കൻ ജില്ലകളിൽ ഇപ്പോഴും വി.എസിനോട് അടുപ്പമുള്ളമർക്കാണ് മേൽക്കെ.
സി.എസ്. സുജാത
സി.എസ്. സുജാത ഉൾപ്പെടെയുള്ളവർ വി.എസ്. നിലപാട് പുലർത്തിയവരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സി.എസ്. സുജാതയെ കേന്ദ്രകമ്മിറ്റിയിലെത്തിച്ച് അവരിലൂടെ ആലപ്പുഴയിൽ സ്വാധീനമുറപ്പിക്കുക എന്ന തന്ത്രമാണ് പിണറായി വിഭാഗം നടപ്പാക്കിയത്.
പി. സതീദേവി
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന പി. ജയരാജനെ പാർട്ടി തഴയുന്നതായി അണികൾ ആരോപിക്കുന്നുണ്ട്.
ജയരാജന്റെ സഹോദരിയായ പി. സതീദേവിയെ കേന്ദ്ര കമ്മിറ്റിയിലെത്തിച്ച് ജയരാജന്റെയും അണികളുടെയും പ്രതിഷേധത്തിന്റെ തോത് കുറയ്ക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചത്.
പി. ജയരാജനെ അനുകൂലിക്കുന്ന ഒരു വിഭാഗം സൈബർ പാർട്ടി പ്രവർത്തകർ പി.ജെ. ആർമി എന്ന പേരിൽ നവമാധ്യമ കൂട്ടായ്മയ്ക്കു രൂപം നൽകുകയും പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.
പിന്നീട് പി.ജെ. ആർമിയുമായി തനിക്ക് ബന്ധമില്ലെന്നു പറഞ്ഞ് പി. ജയരാജൻ തന്നെ രംഗത്തു വരികയും തള്ളിപറയുകയും ചെയ്തിരുന്നു. നേരത്തെ പി. ജയരാജനെ കുറിച്ച് പ്രവർത്തകർ ചെഞ്ചോര പൊൻ കതിരല്ലോ എന്ന പേരിൽ സംഗീത നൃത്തശില്പവും ആൽബവുമിറക്കിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പി. ജയരാജൻ പാർട്ടിയെക്കാൾ വളരുന്നതായി നേതൃത്വം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു ഇതിനു പിന്നാലെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരന്ന ജയരാജനെ വടകര ലോക്സഭയിൽ സ്ഥാനാർഥിയാക്കി.
സെക്രട്ടറി സ്ഥാനം താത്കാലികമായി ഒഴിഞ്ഞു കൊണ്ടായിരുന്നു ജയരാജൻ മത്സര രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജയരാജന് ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകാതെ തഴയുകയായിരുന്നു.
സഹോദരി കേന്ദ്ര കമ്മിറ്റിയിലെത്തിയതോടെ ജയരാജനും അണികളും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ പ്രവർത്തിക്കില്ലെന്ന് ഉറപ്പിക്കുക കൂടിയാണ് നേതൃത്വം ചെയ്തിരിക്കുന്നത്.