പത്തനംതിട്ട: പാര്‍ട്ടി അംഗത്വം നല്‍കിയതിനു പിന്നാലെ കഞ്ചാവ് കേസില്‍ പിടികൂടിയ ആളെ രക്ഷിക്കാനും സിപിഎം. രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ മലയാലപ്പുഴ സ്വദേശി യദുവിനെ ജാമ്യത്തിലിറക്കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കേസ് എക്സൈസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഇതിനു പിന്നാലെ സിപിഎം നേതാക്കള്‍ ഉയര്‍ത്തി.
കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രന് അംഗത്വം നല്കിയപ്പോള് അയാളുടെ കേസുകള്‍ പഴയതാണെന്നും കാപ്പ നിലനില്‍ക്കില്ലെന്നും വാദിച്ച സിപിഎമ്മിനേറ്റ മറ്റൊരു തിരിച്ചടിയായി കഞ്ചാവ് കേസ് മാറുന്നുവെന്നു കണ്ടതോടെയാണ് എക്സൈസിനെതിരേ തിരിഞ്ഞിരിക്കുന്നത്.
ബിജെപി അനുഭാവികളായിരുന്നവര്‍ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് മുന്‍പ് പ്രതികളായതെന്നും ഇപ്പോള്‍ അവര്‍ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു ഏതാനും ദിവസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ വിശദീകരണം വന്നത്. എന്നാല്‍, അതിലൊരാളെയാണ് ഇപ്പോള്‍ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്.
ഇയാളെ പുറത്തിറക്കാന്‍ ലോക്കല്‍ സെക്രട്ടറി തന്നെ ഇടപെട്ടതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. സ്ഥിരം കുറ്റവാളികളും ക്രിമിനല്‍ ബന്ധമുള്ളവരുമായവര്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി തന്നെ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. ഇന്റലിജന്‍സ് വിഭാഗം പോലും അറിയാതെയാണ് മന്ത്രി ചടങ്ങിനെത്തിയത്. സ്ഥലം എംഎല്‍എ കൂടിയായ കെ.യു. ജനീഷ് കുമാര്‍ അംഗത്വ വിതരണ സമയത്തു മാറിനിന്നതും ഏറെ ശ്രദ്ധേയമായി.
അംഗത്വ വിതരണം പത്തനംതിട്ട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങായിരുന്നെങ്കിലും പുതുതായി അംഗത്വം സ്വീകരിച്ചവര്‍ മലയാലപ്പുഴ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ജനീഷ് കുമാര്‍ എംഎല്‍എ ചടങ്ങിന്റെ നേതൃത്വത്തിലുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം യോഗസ്ഥലത്തെത്തി മടങ്ങുകയാണുണ്ടായത്.