പത്തനംതിട്ട: ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയതയ്ക്കു ശ്രമിച്ചുവെന്ന പേരില്‍ സിപിഎം നടപടിക്കു ശിപാര്‍ശ ചെയ്ത നഗരസഭ കൗണ്‍സിലര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുന്നു.
സിപിഎം പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കൗണ്‍സിലറുമായ വി.ആര്. ജോണ്‍സണെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരത്തിനു ശ്രമം നടത്തിയെന്നാരോപണമാണ് ജോണ്സണെതിരെയുള്ള നടപടിക്കു കാരണമായി പറയുന്നത്.
മത്സരം ഉറപ്പായതോടെ സമ്മേളനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. തുടര്‍ന്ന് ജോണ്‍സന്റെ വോയ്സ് ക്ലിപ്പ് പുറത്തുവന്നതോടെ പാര്‍ട്ടി വിശദീകരണം തേടി. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന പേരിലാണ് നടപടിക്കു ശിപാര്‍ശ ചെയ്തത്.
ലോക്കല്‍ കമ്മിറ്റി ശിപാര്‍ശ ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ അതിനു മുമ്പേ ജോണ്‍സണു താരപരിവേഷം നല്കി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
നഗര ഭരണത്തിലെ എസ്ഡിപിഐ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലെ കൗണ്‍സിലറെ പുറത്താക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഏറെയും പ്രചരിക്കുന്നത്.
പത്തനംതിട്ടയില്‍ ഭരണത്തിലുള്ള സിപിഎം എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയെന്ന ആക്ഷേപങ്ങള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട് ജോണ്സണ് നടത്തിയ ചില പരാമര്‍ശങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും വിവാദമായിരുന്നു.
ചെയര്‍മാന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ എസ്ഡിപിഐയുടെ ഔദാര്യമല്ല തന്റെ കൗണ്‍സിലര്‍ സ്ഥാനം എന്ന പരാമര്‍ശം ജോണ്സണ് നടത്തിയിരുന്നു.
ജോണ്സണെതിരെയുള്ള നടപടി വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരെത്തി. സിപിഎം സജീവാംഗങ്ങളും കൗണ്‍സിലര്‍മാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
എസ്ഡിപിഐ ബന്ധത്തെ എതിര്‍ത്ത് ജോണ്സണ് പുറത്തുപോകുന്നുവെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ ്സമൂഹമാധ്യമങ്ങളില് നിറഞ്ഞിരിക്കുന്നത്.
വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണികള്‍ക്കും ഇല്ലാതിരുന്ന കൗണ്‍സിലില്‍ സിപിഎം ഭരണം പിടിച്ചത് സ്വതന്ത്രരുടെ പിന്തുണയോടെയാണ്.
കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച വനിത കൗണ്‍സിലറെ വൈസ് ചെയര്‍പേഴ്സണാക്കുകയും ചെയ്തു. ഇവര്‍ക്ക് എസ്ഡിപിഐയും പിന്തുണ നല്കിയിരുന്നുവെന്നായതോടെയാണ് സിപിഎമ്മിനെതിരെ ആക്ഷേപം ഉയര്‍ന്നത്.
പിന്നാലെ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനവും എസ്ഡിപിഐ സ്വന്തമാക്കിയതോടെ വിവാദം ചൂടുപിടിച്ചു. സിപിഐ അടക്കം ഇതിനെ പരസ്യമായി എതിര്‍ത്തു രംഗത്തുവന്നു.
പുതിയ സാഹചര്യത്തില്‍ കൗണ്‍സിലര്‍മാര്‍ ജോണ്സണ് വിഷയത്തിലും ചേരിതിരിയുമെന്നുറപ്പായതോടെ യുഡിഎഫും കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.