പത്തനംതിട്ട: വീട്ടിൽ വാടകയ്ക്കു താമസിച്ച സിപിഎം പ്രവർത്തകനോട് വാടക ചോദിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി. വെണ്ണിക്കുളത്തെ സിഐറ്റിയു ഹെഡ് ലോഡ് വർക്കറായി ജോലി ചെയ്യുന്ന പുറമറ്റം പഞ്ചായത്തിലെ നാലാം വാർഡിലെ വാലങ്കര, പാട്ടത്തിൽ പ്രസാദിനെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്.
ഇതിനെതിരെ പ്രസാദ് സിഐറ്റിയു സംസ്ഥാന, ജില്ലാ ഏരിയ കമ്മിറ്റികൾക്ക് പരാതി നൽകി. ഏഴ് മാസങ്ങൾക്ക് മുമ്പാണ് സിപിഎം വെണ്ണിക്കുളം ലോക്കൽ കമ്മിറ്റിയുടെയും ഏരിയാ കമ്മിറ്റിയിലെ ഒരു അംഗത്തിന്റെയും നിർദേശപ്രകാരം വീട് വാടകയ്ക്ക് നൽകിയത്.
ഇതര സ്ഥലങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന മുഴുവൻ സമയ പ്രവർത്തകർക്ക് അലവൻസ്, ഭക്ഷണം, താമസ സൗകര്യം ഇവ ക്രമീകരിക്കുന്നത് അതാത് സ്ഥലങ്ങളിലെ പ്രാദേശിക നേതൃത്വമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടിന്റെ വാടക ചോദിച്ചതെന്ന് പ്രസാദ് പറഞ്ഞു.
വാടക ചോദിച്ച തന്നെ ലോക്കൽ സെക്രട്ടറിയും ഒരു ഏരിയാ കമ്മിറ്റി മെംബറും ചേർന്ന് അസഭ്യം പറയുകയും 31 മുതൽ ജോലിയിൽ പ്രവേശിക്കരുതെന്ന് നിർദേശിക്കുകയുമായിരുന്നു. പ്രശ്നം താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിഐറ്റിയു ഇരവിപേരൂർ ഏരിയാ സെക്രട്ടറി കെ.സി. സജികുമാർ പറഞ്ഞു.