പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ ബിജെപി നടത്തിയ മുന്നേറ്റത്തിന്റെ കണക്കുകൾ മറച്ചുവച്ച് ന്യൂനപക്ഷത്തെ പഴിച്ച് സിപിഎം റിപ്പോർട്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ടുശതമാനത്തിലുണ്ടായ കുറവ് മറച്ചുവച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി നടത്തിയ മുന്നേറ്റത്തെയും കണ്ടില്ലെന്നു നടിക്കുന്നു.
സംസ്ഥാനസമിതിയിലേക്ക് ജില്ലാ കമ്മിറ്റി നൽകിയ റിപ്പോർട്ടിലാണ് സ്വന്തം ഭാഗം ന്യായീകരിച്ചിട്ടുള്ളത്. പരാജയത്തിനു കാരണം തങ്ങളല്ലെന്നു വരുത്തിവയ്ക്കാനുള്ള നേതാക്കളുടെ ശ്രമത്തിനിടെ പാർട്ടി കേന്ദ്രങ്ങളിലുണ്ടായ അടിയൊഴുക്കുകൾ കണ്ടില്ലെന്നു നടിക്കുകയാണ്. പത്തനംതിട്ടയിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും എൽഡിഎഫിന് വോട്ടുശതമാനം കുറയുമെന്നുമുള്ള മാധ്യമ പ്രചാരണം ദോഷം ചെയ്തെന്നും പാർട്ടി വിലയിരുത്തുന്നു.
ബിജെപി ജയിക്കുമെന്ന ഭീതിയിൽ യുഡിഎഫിലേക്ക് ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചുവെന്നാണ് സിപിഎം കണ്ടെത്തൽ.ജില്ലയിൽ യുഡിഎഫുമായി 16,000ൽപരം വോട്ടുകളുടെ കുറവ് മാത്രമേയുള്ളൂവെന്നും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചതാണ് എൽഡിഎഫിന്റെ പരാജയത്തിനു കാരണമെന്നും പറയുന്ന റിപ്പോർട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിൽ ആന്റോ ആന്റണി നേടിയ ലീഡാണ് വിജയത്തിലേക്ക് എത്തിച്ചതെന്നും വിലയിരുത്തുന്നു.
എന്നാൽ അഞ്ചുവർഷം കൊണ്ട് 16 ശതമാനത്തിൽ നിന്ന് ബിജെപി വോട്ട് 29 ശതമാനത്തിലെത്തിയതും ജില്ലയിൽ 15 ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലും ബിജെപി ലീഡു ചെയ്തതും സിപിഎം റിപ്പോർട്ട് മറച്ചുവച്ചിരിക്കുകയാണ്. ബിജെപി ലീഡ് ചെയ്ത പഞ്ചായത്തുകളേറെയും എൽഡിഎഫ് ഭരണത്തിലുള്ളതാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും സെക്രട്ടേറിയറ്റംഗങ്ങളുടെയും ബൂത്തുകളിൽ വരെ ബിജെപി ലീഡ് ചെയ്തു.
ബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചതിനാലാണ് ബിജെപിയിലേക്ക് വോട്ടുകൾ മറിഞ്ഞതെന്ന് വിലയിരുത്തുന്ന സിപിഎം തങ്ങളുടെ പാളയത്തിലെ ചോർച്ച മറച്ചുവച്ച് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ രണ്ടാംസ്ഥാനം നേടിയെന്ന് ആത്മവിശ്വാസം കൊള്ളുകയാണ്.