സ്വന്തം ലേഖകൻ
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചിലര്‍ പാര്‍ട്ടി ഫണ്ട് വെട്ടിച്ചെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎം ജില്ലാ നേതൃത്വം.
മാസങ്ങളായി ഏരിയാ കമ്മിറ്റികളില്‍ ഉയരുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചത് ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് ആക്ഷേപമുയരുന്നത്.
ഏരിയാ സമ്മേളനത്തിന് ശേഷം നടന്ന യോഗങ്ങളില്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും അംഗങ്ങള്‍ മാറി മാറി വരികയാണ് പതിവെങ്കിലും പയ്യന്നൂരിലെ യോഗങ്ങള്ക്കെത്തിയത് ജില്ലാ സെക്രട്ടറി മാത്രമാണെന്നാണ് ആക്ഷേപമുയരുന്നത്.
സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളിലും ഇതായിരുന്നു അവസ്ഥ. ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നടന്ന ഫണ്ടു സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാക്കമ്മിറ്റിയില്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വെട്ടിപ്പുകാര്‍ക്ക് വളമായി മാറുകയായിരുന്നു. ഇതാണ് നേരത്തേ തീരുമാനത്തിലെത്തേണ്ട വിഷയത്തില്‍ കാലതാമസമുണ്ടാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാമ്പത്തിക തട്ടിപ്പിന്റെ വ്യക്തമായ ഓഡിറ്റ് ചെയ്ത കണക്ക് മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകും വിധത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന ന്യായം നിരത്തേണ്ടിയും വന്നു. പകരം ജാഗ്രത കുറവാണ് കാരണമായി അവതരിപ്പിച്ചത്.
സാമ്പത്തിക വെട്ടിപ്പുകള്‍ നടന്നതിന്റെ കണക്കുകള്‍ ഏരിയ കമ്മിറ്റി യോഗത്തില്‍പോലും മറച്ചുവെച്ചുള്ള വിശദീകരണം നടത്തിയപ്പോഴാണ് ധനനഷ്ടമുണ്ടായിട്ടില്ലെന്ന മേല്‍ക്കമ്മിറ്റിയുടെ വിശദീകരണം കല്ലുവെച്ച നുണയാണെന്ന് കണക്കുകള്‍ വിശദീകരിച്ച് വി.കുഞ്ഞികൃഷ്ണന് യോഗത്തില്‍ സ്ഥാപിക്കേണ്ടിവന്നത്.
ഇതോടെയാണ് അതുവരെ അകന്നു നിന്നിരുന്നവര്‍ പോലും കുഞ്ഞികൃഷ്ണനുള്ള പിന്തുണയുമായി രംഗത്തെത്തിയതും.
ഏരിയാ സെക്രട്ടറിയുടെ പേരില്‍ നടപടിയെടുത്തതല്ലെന്ന് പത്രകുറിപ്പ് ഇറക്കിയപ്പോഴും പിന്നെന്തിന് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നു മാറ്റി എന്ന് വ്യക്തമാക്കാനാവാതെ വിഷമിക്കുകയാണ്.
പയ്യന്നൂരിലെ സാമ്പത്തിക ക്രമക്കേടുകളും ചില നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും മനസിലാക്കി പരിഹാരം കണ്ടെത്തേണ്ട ജില്ലാ നേതൃത്വം ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന ആരോപണമാണുയരുന്നത്.
കുറ്റക്കാര്‍ക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തി പാര്‍ട്ടിക്കൊപ്പം നിലകൊണ്ട എരിയാ സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് വേട്ടക്കാര്‍ക്കൊപ്പം നിന്ന നേതൃത്വത്തിന്റെ നടപടികൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.
” സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ട് മറ്റൊരാളെ ചുമതലയേല്‍പ്പിച്ചിട്ട് പറയുവാ ഞങ്ങള്‍ ഏരിയാ സെക്രട്ടറിയുടെ പേരില്‍ നടപടി എടുത്തതല്ലെന്ന്.എന്തോന്ന് ഇത്.
പ്രസവ വാര്ഡെന്നെഴുതിയ ബോര്‍ഡിന്റെ ബ്രായ്ക്കറ്റില്‍ ഇനി സ്ത്രീകള്‍ക്കെന്ന് പ്രത്യേകം എഴുതണമായിരുക്കും’ എന്നാണൊരു കമന്റ്.
” കഴിഞ്ഞ മാസം ഇത് വാര്‍ത്തയായപ്പോള്‍ അതൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് ചാനലുകള്‍ക്കെതിരെ കേസുകൊടുത്തവരാണ് നിങ്ങള്‍.
ഇപ്പോള്‍ ആ വാര്‍ത്ത ശരിവെച്ച് നടപടിയുമായി.കഴിഞ്ഞ മാസംവരെ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ സിപിഎമ്മാണോ ശരി? ഇപ്പോള്‍ അതേ വിഷയത്തില്‍ നേതാക്കള്‍ക്കെതിരായി നടപടിയെടുത്ത സിപിഎമ്മാണോ ശരി?’. കൂടാതെ ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.