ജയരാജനെ വെട്ടാന്‍ പി. ശശിയെ ഇറക്കുന്നു ? ലൈംഗികാപവാദക്കേസില്‍ കുറ്റവിമുക്തനായതോടെ ശശി വീണ്ടും പാര്‍ട്ടിയില്‍ കരുത്തനാകും…

കണ്ണൂര്‍: ജില്ലയില്‍ അപ്രമാദിത്വ ശക്തിയായി വളരുന്ന ജയരാജനെ വെട്ടാന്‍ സിപിഎം കണ്ണൂര്‍ ലോബി മൂന്‍ നേതാവ് പി ശശിയെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം ശശിയെ മുഖ്യധാരയില്‍ ഇറക്കി ജയരാജന് ബദല്‍ സൃഷ്ടിക്കാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിവരം. സിപിഎമ്മില്‍ ആത്യന്തികമായി സ്വാധീനമുള്ള മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ശശിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത് ഇക്കാര്യമാണെന്നാണ് ഊഹാപോഹങ്ങള്‍. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദമായി മാറിയ ലൈംഗികാരോപണ കേസിനെ തുടര്‍ന്ന് ശശി എട്ടു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഇടയാക്കിയ ലൈംഗികാരോപണത്തില്‍ നിന്ന് അടുത്തിടെ ശശിയെ കുറ്റ വിമുക്തനാക്കിയിരുന്നു. കോടതി കേസ് തള്ളിയതിന് പിന്നാലെ ശശി പാര്‍ട്ടിയില്‍ വീണ്ടും സജീവമാകുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാന്‍ ആലോചന ഉണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയിരിക്കുന്ന സ്ഥാനത്ത് പി ജയരാജന്റെ സ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടു വരാന്‍ പാര്‍ട്ടിക്ക് ആലോചനയുമുണ്ട്. കണ്ണൂരില്‍ പി ജയരാജന്‍ പാര്‍ട്ടിക്കും മുകളിലാകുന്നു എന്നാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.

ഇതിന് പിന്നാലെ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി അക്രമരാഷ്ട്രീയം ശക്തി പ്രാപിക്കുന്നതും പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശശിയെ തിരികെ കൊണ്ടുവരാനായാല്‍ ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. 2014 ലായിരുന്നു പി ശശിയെ വിവാദത്തിലാക്കി ലൈംഗികാരോപണം ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്് ഹോസ്ദുര്‍ഗ്ഗ ് ഒന്നാംക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. അത്തരമൊരു സംഭവം നടന്നതായി പോലീസിന് കണ്ടെത്താനായില്ല.

ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതി ഇല്ലെന്നും ഇരയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയും അവരുടെ ഭര്‍ത്താവും വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി സമര്‍പ്പിക്കപ്പെട്ട പരാതിയെന്ന നിലയില്‍ കോടതി കേസ് തള്ളുകയായിരുന്നു. ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച് ശശി രാഷ്ട്രീയത്തിന് അവധി നല്‍കുകയായിരുന്നു. പാര്‍ട്ടിക്ക് പുറത്തു നില്‍ക്കുമ്പോഴും പാര്‍ട്ടിക്കാരുടെ കേസുകളില്‍ ശശി സജീവസാന്നിദ്ധ്യമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടങ്ങിയ പി ശശി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ ചെയര്‍മാന്‍, റെയ്ഡ്കോ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ഇ. കെ നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Related posts