കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും വോട്ട് ചോര്‍ച്ചയും സിപിഎം അന്വേഷിക്കും. 22, 23 നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗത്തില്‍ പുതുപ്പള്ളി തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത.
കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളും അംഗങ്ങളായ കമ്മീഷന് പുതുപ്പള്ളിയില്‍ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഭംഗിയായും നടന്നെങ്കിലും തന്ത്രങ്ങള്‍ പാളിയതായി സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച സംഭവിതും വോട്ട് ചോര്‍ന്നതും പരാജയം സംഭവിച്ചതും താഴെത്തട്ടു മുതല്‍ വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു.
സ്ഥാനാര്‍ഥിയും ജില്ലാ കമ്മറ്റിയംഗവുമായ ജെയ്ക് സി. തോമസും യോഗങ്ങളില്‍ പങ്കെടുത്തു. സിപിഐ ജില്ലാ നേതൃത്വം പുതുപ്പളളിയില്‍ പരാജയപ്പെടുമെന്ന് സംസ്ഥാന നേതൃത്വത്തിനു നേരത്തെ തന്നെ റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
സിപിഐയുടെ ഭാഗത്തു നിന്നും നല്ല രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടായതായും ജില്ലാ കമ്മറ്റി റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
പുതുപ്പളളിയിലെ കനത്ത തോല്‍വി കേരള കോണ്‍ഗ്രസ് എമ്മിനെയും ആശങ്കപ്പെടുത്തുണ്ട്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളിലെ യുഡിഎഫിന്റെ വമ്പന്‍ ലീഡാണ് കേരള കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചില്ലെന്ന സിപിഎം ഇതുവരെ ആരോപിച്ചിട്ടില്ലെങ്കിലും കോട്ടയം ലോക്സഭ സീറ്റ് ഉറപ്പിച്ചിരിക്കുന്ന കേരള കോണ്‍ഗ്രസിനെ യുഡിഎഫിന്റെ പുതുപ്പള്ളിയിലെ വമ്പന്‍ വിജയം തെല്ലൊന്നുമല്ല അലട്ടുന്നത്.