ചേർത്തല: ക്വട്ടേഷൻ സംഘത്തിനൊപ്പം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയിലായ സംഭവത്തിൽ അന്വേഷണത്തിനു സിപിഎം നേതൃത്വം കമ്മീഷനെ നിയോഗിച്ചു. വയലാറിലെ ബ്രാഞ്ച് സെക്രട്ടറിയാണ് അടുത്തിടെ അടൂർ പോലീസിന്റെ വലയിലായത്. അതിർത്തി തർക്കത്തിന്റെ പേരിലുള്ള പ്രശ്നത്തിലാണ് ഗുണ്ടാ സംഘങ്ങൾക്കൊപ്പം സെക്രട്ടറിയും കുടുങ്ങിയത്.
ഇത് പാർട്ടിക്കുള്ളിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ അരൂർ ഏരിയാകമ്മിറ്റി യോഗമാണ് വിഷയം അന്വേഷിക്കുന്നതിന് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. ഏരിയാ സെന്റർ അംഗം എൻ.പി ഷിബുവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി.ടി വിനോദ്, വെട്ടക്കൽ ലോക്കൽ സെക്രട്ടറി സി.കെ മോഹനൻ എന്നിവരാണ് കമ്മീഷനിൽ ഉള്ളത്.
സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, ജില്ലാസെക്രട്ടേറിയേറ്റംഗങ്ങളായ കെ.പ്രസാദ്, ആർ.നാസർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഗ്രൂപ്പു സമവാക്യങ്ങളിൽ ഏരിയാ നേതൃത്വത്തെ അനുകൂലിക്കാത്തവരെ വരുതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് എതിർവിഭാഗം പറയുന്നത്.