കണ്ണൂർ: ചുവന്ന നക്ഷത്ര രാഷ്ട്രീയത്തിൽനിന്ന് ചുവന്ന തെരുവ് രാഷ്ട്രീയത്തിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇന്ന് തങ്ങളുടെ സുഖത്തിനും സൗകര്യത്തിനുംവേണ്ടി ഉപയോഗിക്കുകയാണ്. മാന്യൻമാരെ തെറിവിളിക്കുന്ന റെഡ്സ്ട്രീറ്റ് രാഷ്ട്രീയമാണ് സിപിഎം പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് ശയനം നടക്കുകയാണ്. ബിജെപിയെ കോ-ലീ-ബിയെന്ന് ആക്ഷേപിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കോ-മാ സഖ്യം നിലനിൽക്കുന്നത് രഹസ്യമല്ല. പരസ്യമാണ്.
സിപിഎമ്മിനും കോൺഗ്രസിനും വോട്ട് കൊടുക്കുന്നത് മണ്ടപോയ തെങ്ങിന് വെള്ളം നനയ്ക്കുന്നതുപോലെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. എൻഎസ്എസും എസ്എൻഡിപിയുമായും ബിജെപി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും വിശ്വാസികൾ ബിജെപിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്-സിപിഎം സംയുക്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് യെദിയൂരപ്പയ്ക്ക് എതിരേയുള്ള ആരോപണമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നേതാക്കളായ കെ. രഞ്ജിത്, കെ.കെ. വിനോദ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.