തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിത്തറ വോട്ടുകൾ ഒലിച്ചുപോയെന്ന് സിപിഎം. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായതെന്നും ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടൽ പറയുന്നു. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
ബിജെപിക്ക് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും അവരുടെ വോട്ട് വര്‍ധിച്ചു. ബിജെപിയുടെ പ്രവര്‍ത്തനംകൊണ്ട് അല്ലാതെ തന്നെ പാര്‍ട്ടി വോട്ടുകള്‍ സംഘ്പരിവാറിലേക്ക് ചോര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം നേടാനായ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിലെ വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യാനുള്ള സിപിഎം മേഖലാ യോഗങ്ങൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കമാകും. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലുള്ള്യ യോഗത്തിൽ താഴെത്തട്ടിൽനിന്നുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തൽ നടപടികൾ തീരുമാനിക്കും.
നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ തിരുത്തല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ മത നിരപേക്ഷ ശക്തികളെ അണിനിരത്തുന്നതില്‍ സിപിഎം വലിയ പങ്കാണ് വഹിച്ചതെന്നും കേന്ദ്ര കമ്മിറ്റി വിലയിരുതതിയിരുന്നു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരേ മതേതര പാര്‍ട്ടികളെ ചേര്‍ത്തുപിടിച്ച് ഒരുമിച്ച് പോരാടണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.