കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനമായ 12ന് ഘോഷയാത്രകൾ നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി നിബന്ധനകളും നിർദേശങ്ങളുമടങ്ങുന്ന പത്രകുറിപ്പിറക്കി. ബിജെപി ആർഎസ്എസും സിപിഎമ്മും വെവേറെ ഘോഷയാത്രകളും പരിപാടികളും നടത്തുന്ന സാഹചര്യത്തിലാണ് എസ്പി ജി. ശിവവിക്രം പത്രകുറിപ്പിറക്കിയത്. പ്രധാനനിർദേശങ്ങൾ ഇപ്രകാരം.ജനപ്രതിനിധികളുടെയും പാർട്ടിനേതാക്കളുടെയും യോഗം സ്റ്റേഷൻ തലത്തിലും സർക്കിൾ തലത്തിലും സബ് ഡിവിഷൻതലത്തിലും വിളിച്ചുചേർത്ത് പരിപാടികളുടെ സമയക്രമവും റൂട്ടും നിശ്ചയിച്ചതിനുശേഷം മാത്രമേ അനുമതി നൽകുകയുള്ളൂ.
അലങ്കാരങ്ങളും തോരണങ്ങളും ബാനറുകളും അനുവദിക്കപ്പെട്ട സ്ഥലത്ത് സമാവയത്തോടെ മാത്രമേ പാടുള്ളു. രാത്രി എട്ടിനു മുന്പേ ഇത് ചെയ്തുതീർക്കണം. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാൻ സംഘാടകർതന്നെ ശ്രദ്ധിക്കണം.
അനുവദനീയമായതിലും കൂടുതൽ ശബ്ദതീവ്രതയുള്ള ഉച്ചഭാഷിണിസംവിധാനം ഉപയോഗിക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഉച്ചഭാഷിണി ഉടമസ്ഥനെതിരേ ഉടമസ്ഥനെതിരേ നടപടിയുണ്ടാവും. ഗതാഗത തടസമുണ്ടാക്കുന്ന വാഹന ഉടമകൾക്കെതിരേയും നടപടിയെടുക്കും.
ഘോഷയാത്രകൾക്കുള്ള അനുമതി അപേക്ഷയിൽ ഘോഷയാത്ര തുടങ്ങുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, അണിനിരത്തുന്ന പ്ലോട്ടുകളുടെ സ്വഭാവം എന്നിവ വ്യക്തമായി വെളിപ്പെടുത്തണം.സംഘർഷസാധ്യതയുള്ളതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളെല്ലാം വീഡിയോ കവറേജിന് വിധേയമാണ്.
ഘോഷയാത്രയിൽ മറ്റുള്ളവരെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങളോ പ്ലോട്ടുകളോ അനുവദിക്കുന്നതല്ല. ലോറി, പിക്കപ്പ് ജീപ്പ്, ഗുഡ്സ് ഓട്ടോ എന്നിവയുടെ മുകളിൽ കയറിനിന്ന് കൊടിവിശാനോ നൃത്തം ചെയ്യാനോ പാടില്ല. ഇരുചക്രവാഹനങ്ങളിൽ കൊടികൾവീശി ഘോഷയാത്രയെ അനുഗമിക്കരുത്.ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ചരക്കുലോറികൾ, ടാങ്കർ ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.