തലശേരി: പെരുന്താറ്റിലിൽ സിപിഎം-ആർഎസ്എസ് സംഘർഷം. ആർഎസ്എസ് സേവാലയവും സിപിഎം നിയന്ത്രണത്തിലുള്ള ബസ് ഷെൽട്ടറും തകർത്തു. സംഭവങ്ങളിൽ 19 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സ്മൃതി സേവാലയമാണ് തിങ്കളാഴ്ച പുലർച്ചെ 6.30 ഓടെ ഒരു സംഘം അടിച്ചു തകർത്തത്.
സേവാലയത്തിന്റെ ജനലുകളും വാതിലുകളും തകർത്ത അക്രമികൾ അകത്തുണ്ടായിരുന്ന ബലിദാനികൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകളും നശിപ്പിച്ചു . ചുമരുകളെല്ലാം ചുവപ്പ് ചായം തേച്ച് വികൃതമാക്കിയ നിലയിലാണ്. സംഭവത്തിൽ11 സിപിഎം പ്രവർത്തകർക്കെതിരേ ധർമടം പോലീസ് കേസെടുത്തു.
പെരുന്താറ്റിൽ ചിറ്റി മുക്കിൽ സിപിഎം സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. സംഭവത്തിൽ എട്ട് ബിജെപി പ്രവർത്തകർക്കെതിരേ തലശേരി ടൗൺ പോലീസ് കേസെടുത്തു. ഇരുസംഭവങ്ങളെയും തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് .
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ,സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസ് മൊബൈൽ പട്രോളിംഗും പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്.