കണ്ണൂർ: അഴീക്കോട് വൻകുളത്ത് വയലിൽ റോഡരികിലെ ആൽമരം മുറിക്കാനുള്ള നീക്കത്തെ തുടർന്ന് സംഘപരിവാർ-സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റം.
ആർഎസ്എസ് കാര്യാലയത്തിനു മുന്നിലായുള്ള ആൽമരം റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി മുറിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കത്തെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.
റോഡരിക് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നാണ് പഞ്ചായത്തധികൃതർ പറഞ്ഞത്. എന്നാൽ റോഡരികിലെ മറ്റു മരങ്ങൾ മുറിക്കാതെ ആൽമരം മാത്രം മുറിക്കാൻ വ്യഗ്രത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മരം മുറിക്കാനുള്ള നീക്കം തടഞ്ഞു.
സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പഞ്ചായത്ത് തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് ഇരുവരെയും അനുനയിപ്പിക്കുകയും തുടർന്ന് മരം മുറിക്കുകയുമായിരുന്നു.