ചാരുംമൂട് : വള്ളികുന്നത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. വള്ളികുന്നം ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി പടയണിവെട്ടം കാഞ്ഞിരവിളയിൽ ഉദിത് ശങ്കറി(26)നാണ് വെട്ടേറ്റത്. ഇയാളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം.
മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സമീപത്തെ ഒരു വീടിനു നേരെയും ആക്രമണം ഉണ്ടായി. വള്ളികുന്നം പടയണിവെട്ടം ശ്രീരാഗത്തിൽ ശ്രീകുമാരിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
വീടിന്റെ ജനാലകളും മറ്റും അടിച്ചു തകർത്തു. മുന്പ് ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഉദിത്ശങ്കർ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ഇതിനു പിന്നാലെയാണ് ഇയാൾക്കു നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായത്. വള്ളികുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുകയാണ്.