പൊൻകുന്നം: ചിറക്കടവ് മേഖലയിൽ ആയുധം താഴെവയ്ക്കാതെ സിപിഎം- ആർഎസ്എസ് സംഘർഷം പതിവായതോടെ ജനജീവിതം ദുരിതത്തിൽ. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ മൂന്നു പേർക്ക് വെട്ടേൽക്കുകയും നാലുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മാസങ്ങളായി മേഖലയിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഒാരോ അക്രമം നടക്കുന്പോൾ വിളിക്കുന്ന അനുരഞ്ജന ചർച്ചകളും സർവ്വകക്ഷിയോഗങ്ങളും വെറും പ്രഹസനമാകുന്നു.
സർവ്വ കക്ഷിയോഗങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായുള്ള ഏത് തീരുമാനത്തെയും പിന്തുണക്കുമെന്ന പതിവ് പല്ലവിയാണ് സിപിഎം- ആർഎസ്എസ് നേതാക്കൾ പറയുന്നതെങ്കിലും ഇവയെല്ലാം കാറ്റിൽ പറത്തി അക്രമപരന്പര അഴിച്ച് വിടുകയാണ് ഇരുകൂട്ടരും. ഏത് നിമിഷവും അക്രമം ഉണ്ടാകാമെന്ന സാഹചര്യമായതോടെ പ്രദേശവാസികൾ മാസങ്ങളായി ഭീതിയുടെ മുൾമുനയിലാണ് കഴിയുന്നത്.
ഏഴു മണി കഴിയുന്നതോടെ ആൾക്കാർ പുറത്തിറങ്ങാൻ പോലും ഭയക്കുന്നതിനാൽ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഇരുകൂട്ടരും തന്പലക്കാട് മേഖലയിൽ അക്രമ പരന്പര അഴിച്ചുവിട്ടതിനെ തുടർന്ന് ഫെബ്രുവരി 13ന് കോട്ടയം എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൽ സമവായ ചർച്ച നടത്തിയെങ്കിലും ഇതിന് മണിക്കുറുകളുടെ ആയുസ് മാത്രമാണുണ്ടായത്.
ഇരുകൂട്ടരും ചേരിതിരിഞ്ഞ് എലിക്കുളം കൂരാലി മേഖലയിൽ സിപിഎം-ബിജെപി എന്നിവയുടെ കൊടികളും ഫ്ളക്സും നശിപ്പിച്ചു. പിന്നീട് ചിറക്കടവിൽ ഇരു കൂട്ടരും തമ്മിലുണ്ടായ വാക്ക് തർക്കം പൊൻകുന്നം പോലീസ് സ്റ്റേഷന് മുൻപിൽ സംഘർഷത്തിലാണ് കലാശിച്ചത്.
ആക്രമണം വീണ്ടും വ്യാപകമായതിനെ തുടർന്ന് 27ന് വീണ്ടും ഡിവൈഎസ്പി ഇമ്മാനുവേൽ പോളിന്റെ ആവശ്യപ്രകാരം ആർഡിഒ കെ.രാംദാസിന്റെ അദ്ധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ യോഗം വിളിച്ച് ചേർത്തെങ്കിലും ചർച്ച ഏകപക്ഷീയമാണെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്ക്കരിച്ചു.
പിന്നീട് പോലീസ് പരിശോധന ശക്തമാക്കിയതോടെ രണ്ടു മാസക്കാലം മേഖല ശാന്തമായിരുന്നു. എന്നാൽ മേയ് 14ന് ചിറക്കടവിൽ സിപിഎം പ്രവർത്തകരെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതോടെ നാട്ടിലെ ക്രമസമാധാനം തകർന്നു. മേഖലയിൽ വീണ്ടും അക്രമം ആരംഭിച്ചു.
ഇരു പക്ഷവും ചേരിതിരിഞ്ഞ് വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു. തുടർന്ന് സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനായ് ജൂണ് രണ്ടിന് കളക്ടറുടെ ചേന്പറിലാണ് സമാധാന യോഗം വിളിച്ചു ചേർത്തത്. ഇരു പാർട്ടികളുടെയും ചിറക്കടവിലെ ലോക്കൽ നേതാക്കളും ഡിവൈഎസ്പി, സിഐ മുതലായവരും യോഗത്തിൽ ഹാജരായി.
സാമാധാനമെന്ന പതിവ് പല്ലവി പാടി ഇരുകൂട്ടരും കൈകൊടുത്തു പിരിഞ്ഞെങ്കിലും ഒരു മാസത്തെ ഇടവേളക്ക് ശേഷം നാടിന്റെ സമാധാനം കെടുത്തി ഇരുകൂട്ടരും വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.