തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
വനിതാമതിലിനു ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിശ്വാസികളായ പ്രവർത്തകരെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇതു കാരണമായെന്നും റിപ്പോർട്ട്. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളുടെ മുഴുവൻ വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞില്ല. ഇതു ഗൗരവപരമായി പരിശോധിക്കേണ്ടതാണ്.
സ്ത്രീപ്രവേശനത്തെ യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും വിലയിരുത്തുന്ന റിപ്പോർട്ട് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വിലയിരുത്തുന്നു. സിപിഎമ്മിനെ തോൽപ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്ക ഉയർത്തുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണ്.
ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള വീടുകൾ കയറിയുള്ള സന്ദർശനത്തിന് മുന്‍പ് തന്നെ അവലോകന റിപ്പോര്‍ട്ട് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുക യാണ്. ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കിയെന്നും.
കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം അംഗീകരിച്ചു.
ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടലിന് ആഹ്വാനം ചെയ്യുന്ന റിപ്പോർട്ട് ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മറ്റിയ്ക്കും മാറി നിൽക്കാനാകില്ലെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.