ജോണ്സണ് വേങ്ങത്തടം
കോട്ടയം: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പ്രൗഡിയോടെ നടന്നു തുടങ്ങിയ പാർട്ടി സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ കോവിഡിന്റെ കുതിപ്പിൽ കിതയ്ക്കുന്നു.
സിപിഐ ഉൾപ്പെടെയുള്ള മുന്നണിയിലെ പാർട്ടികൾ സമ്മേളനങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതും സിപിഎമ്മിനു പ്രഹരമായി. സംസ്ഥാനം മുഴുവൻ നിയന്ത്രണം പ്രഖ്യാപിച്ചിട്ടും സിപിഎം സമ്മേളനവുമായി മുന്നോട്ടു പോകുന്നതിൽ കനത്ത ആക്ഷേപം ഉയരാൻ ഇടയാക്കിയിട്ടുണ്ട്.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്റെ സ്വാഗത സംഘ രൂപീകരണം ഇന്നലെ നടന്നു. ഇന്നു സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടക്കും.
ശോഭ കെടുത്തുമോ?
കോവിഡ് കണക്കുകൾ സമ്മേളനങ്ങളുടെ ശോഭ കെടുത്തുമോയെന്ന ആശങ്കയിലാണ് സിപിഎം. കോവിഡ് മൂലം ഒരു വർഷത്തോളം നീട്ടി വയ്ക്കുകയും പിന്നീട് കോവിഡിനൊപ്പം ജനങ്ങൾ ജീവിച്ച് തുടങ്ങിയ സമയത്ത് പാർട്ടി സമ്മേളന ഷെഡ്യൂൾ പ്രഖ്യാപിക്കുകയും അതനുസരിച്ച് ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി പ്രധാനപ്പെട്ട ജില്ലാ സമ്മേളനങ്ങളിലേക്ക് എത്തിയപ്പോഴാണ് സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കിയത്.
നടക്കാനിരിക്കുന്ന തൃശൂർ, കാസർകോഡ്, സമ്മേളനങ്ങളും ഈ മാസാവസാനം ഷെഡ്യൂൾ ചെയ്ത ആലപ്പുഴ സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുന്നത്.
തുടർന്ന് എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെ ഇനിയുള്ള സമ്മേളനങ്ങൾ ഏതാണ്ട് പൂർണമായും ഓണ്ലൈനിലാകാനുള്ള സാധ്യതയാണ് കാണുന്നത്.
അവസാന ജില്ലാ സമ്മേളനം നടക്കുന്ന ആലപ്പുഴയിൽ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ ആദ്യാവസാനം സമ്മേളനത്തിൽ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടു മന്ത്രിമാർ
ജില്ലാ സമ്മേളനങ്ങൾ ഏകദേശം പൂർത്തിയായിക്കൊണ്ടിരിക്കെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുണ്ടായതാണ് ശ്രദ്ധേയമായിരിക്കുന്നത്.സംസ്ഥാന ആരോഗ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെയാണ് സമ്മേളനങ്ങളിൽ കടുത്ത വിമർശനമുയർന്നത്.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഇരു മന്ത്രിമാർക്കുമെതിരെ വിമർശനമുണ്ടായപ്പോൾ ആരോഗ്യമന്ത്രിയുടെ സ്വന്തം തട്ടകമായ പത്തനംതിട്ടയിലും മന്ത്രിക്കെതിരെ പ്രതിനിധികൾ ശബ്ദമുയർത്തിയത് അപ്രതീക്ഷിതമായി.
വ്യവസായ മന്ത്രിയുടെ ഓഫീസിൽ വരുന്നത് കൂടുതലും വന്പന്മാർ ആണെന്നും സാധാരണക്കാർക്ക് അങ്ങോട്ടേയ്ക്ക് പ്രവേശനം അപ്രാപ്യമാണെന്നുമാണ് വിമർശനമുയർന്നത്.
സമാന രീതിയിലുള്ള ആരോപണവും കെടുകാര്യസ്ഥതയുമാണ് ആരോഗ്യമന്ത്രിക്കെതിരെയുമുണ്ടായത്. ഡിവൈഎഫ്ഐ, മഹിളാ രംഗത്ത് പാർട്ടി നേതാക്കളുടെ ഭാര്യമാരും മക്കളും പങ്കെടുക്കുന്നില്ലായെന്ന ആരോപണവും സമ്മേളനങ്ങളിലുണ്ടായി.
കോവിഡ് വ്യാപനം ഭയപ്പെടുത്തുന്ന രീതിയിൽ കുതിക്കുന്പോൾ തിരുവനന്തപുരത്തെ തിരുവാതിരയും സംഘാടകരുടെ വീഴ്ച ഏറ്റുപറച്ചില്ലുമെല്ലാം ഇനിയുള്ള സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് പാത്രമാവും.
അതേസമയം തിരുവനന്തപുരത്ത് എ. സന്പത്തിനും പ്രശാന്ത് എംഎൽഎയ്ക്കും മേയർ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിൽ ഇടം ലഭിക്കാതെ ഏരിയാ തലത്തിലേക്കൊതുക്കിയതും കൗതുകമായി.
പ്രമോഷൻ ലഭിച്ചേക്കും
എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ, കെ.കെ. ഷൈലജ എന്നിവർക്കു പോളിറ്റ് ബ്യൂറോയിലേയ്ക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നറിയുന്നു. എം. സ്വരാജിന് സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കും കെ. ചന്ദ്രൻ പിള്ള, പി.രാജീവ് ,എം.വി. ഗോവിന്ദൻ എന്നിവരിലൊരാൾക്ക് കേന്ദ്രക്കമ്മിറ്റി പ്രവേശനത്തിനും സാധ്യതയുണ്ട്.