കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റ എട്ടു ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ഏഴിടത്തും സെക്രട്ടറിമാർക്ക് മാറ്റമില്ല. കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി പുതിയ സെക്രട്ടറി വന്നു.
എട്ടു സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സെക്രട്ടറിമാരും ഏരിയാ കമ്മറ്റിയംഗങ്ങളും ഒൗദ്യോഗിക പക്ഷത്തോടു കൂറുപുലർത്തുന്നവർ മാത്രമായി. ചങ്ങനാശേരി, അയർക്കുന്നം, പുതുപ്പളളി, വാഴൂർ, തലയോലപ്പറന്പ്, വൈക്കം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനങ്ങളാണ് പൂർത്തിയായത്.
ചങ്ങനാശേരിയിൽ കെ.സി.ജോസഫും അയർക്കുന്നത്ത് പി.എൻ.ബിനുവും പുതുപ്പള്ളിയിൽ സുഭാഷ് പി.വർഗീസും വീണ്ടും സെക്രട്ടറിമാരായി. വാഴൂരിൽ വി.ജി.ലാൽ തുടരും. തലയോലപ്പറന്പിൽ കെ.ശെൽവരാജും വൈക്കത്ത് കെ.അരുണനുമാണ് സെക്രട്ടറിമാർ. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സമ്മേളനങ്ങളാണ് ഇന്നലെ പൂർത്തിയായത്.
കാഞ്ഞിരപ്പള്ളിയിൽ നിലവിലെ സെക്രട്ടറി കെ. രാജേഷിനെ വീണ്ടും തെരഞ്ഞെടുത്തപ്പോൾ കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി കെ. ജയകൃഷ്ണൻ സെക്രട്ടറിയായി. ഒൗദ്യോഗിക പക്ഷത്തോട് കൂറുപുലർത്തുന്ന ജയകൃഷ്ണന്റെ പേര് ജില്ലാ നേതൃത്വം നിർദേശിക്കുകയായിരുന്നു. നിലവിലെ സെക്രട്ടറി രമേശനെ കമ്മറ്റിയിൽ നിലനിർത്തി.
അതേ സമയം അരോപണ വിധേയനായ ജയകൃഷ്ണനെ സെക്രട്ടറിയാക്കിയതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇതു മറ നീക്കി പുറത്തുവരുകയും ചെയ്തു.
ഇനി സമ്മേളനം നടക്കാനുള്ളത് കോട്ടയം, പാലാ, ഏറ്റുമാനൂർ, പൂഞ്ഞാർ സമ്മേളനങ്ങളാണ്. ഇതിൽ കോട്ടയത്തും ഏറ്റുമാനൂരും പാലായിലും സെക്രട്ടറിമാർ മാറിയേക്കും.
കോട്ടയത്ത്് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആർ.അജയിയുടെ പേരാണ് പരിഗണിക്കുന്നത്. ഏറ്റുമാനൂരിൽ ജില്ലാ ഓഫീസിന്റെ ചുതമലയുണ്ടായിരുന്ന എം.എസ്.സാനുവിനെയാണ് പരിഗണിക്കുന്നത്.
പാലായിൽ ഏരിയാ കമ്മറ്റിയംഗം എം.ടി.ജാന്റീഷിനെ സെക്രട്ടറിയാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്പോൾ നിലവിലെ സെക്രട്ടറി പി.എം.ജോസഫ് തുടരണമെന്ന വാദവും ശക്തമാണ്.
പാലായിൽ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് ഏരിയാ സെക്രട്ടറിയേയും ഏരിയാ കമ്മറ്റിയേയും നിയന്ത്രിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഈ വിഷയം സമ്മേളനത്തിൽ ചർച്ചയാക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം. ജനുവരി 14മുതൽ കോട്ടത്താണ് ജില്ലാ സമ്മേളനം.കടുത്തുരുത്തിയിൽ ജയകൃഷ്ണനും കാഞ്ഞിരപ്പള്ളിയിൽ കെ. രാജേഷും സെക്രട്ടറിമാർ