ജോണ്സണ് വേങ്ങത്തടം
കോട്ടയം: സിപിഎം പാർട്ടി കോണ്ഗ്രസ് തീയതി നീട്ടേണ്ടി വരുമെന്ന ആശങ്ക പാർട്ടിതലങ്ങളിൽ ഉയരുന്നു. പാർട്ടിക്കുള്ളിലും പോഷകസംഘടനകളിലും ഇത്തരമൊരു ചർച്ചസജീവമായി കഴിഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം സംഘടനാ സമ്മേളനങ്ങൾ നിലവിലുള്ള ഷെഡ്യൂളുകളിൽ നിന്നും മാറ്റാനുള്ള ആലോചനകളാണ് സജീവമായിരിക്കുന്നത്.
മാർച്ച് ആദ്യവാരം നടക്കേണ്ട സംസ്ഥാന സമ്മേളനം ഏപ്രിലിലേക്കും ഏപ്രിലിലെ പാർട്ടി കോണ്ഗ്രസ് മേയ് ആദ്യവാരത്തിലുമായി നടത്താനുമാണ് ആലോചന നടക്കുന്നത്. ഇനി നടക്കാനുള്ള ആലപ്പുഴ ജില്ലാ സമ്മേളനവും ഇതോടടുത്ത തിയതികളിൽ നടത്താനാണ് സാധ്യത.
എന്നാൽ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പെട്ടെന്നു ഉണ്ടാകാൻ ഇടയില്ല. ഫെബ്രുവരിയോടെ കോവിഡിന്റെ വ്യാപനം കുറയാനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയശേഷം മുന്നോട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചു വിശദമായ ചർച്ചയുണ്ടാകുകയുള്ളൂവെന്നും അറിയുന്നു.
കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടത്തിയ തിരുവാതിരയും സമ്മേളനവും പൊതു സമൂഹത്തിൽ വ്യാപകമായ എതിരഭിപ്രായങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ തുടർച്ചയായ ട്രോളുകൾക്കും ഇടയാക്കിയതും കാസർകോട് സമ്മേളനത്തിൽ കോടതി ഇടപെട്ടതും തുടർന്നു ജില്ലാ കളക്ടർ അവധിയിൽ പോയതുമെല്ലാം പാർട്ടിക്കു പൊതുവായ അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലുമാണ് പാർട്ടിയിൽ പുനഃചിന്തനത്തിന് വഴിയൊരുക്കിയത്.
കോവിഡ് വ്യാപനം ഫെബ്രുവരി മധ്യത്തോടെ പരമാവധിയിലും തുടർന്ന് കുറയുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് സമ്മേളനങ്ങൾ കടന്നു പോയതെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റിച്ച് ജനുവരി മധ്യത്തോടെ തന്നെ കോവിഡ് കണക്കുകൾ കുതിച്ചുയർന്നതോടെയാണ് മാർച്ച് ആദ്യം നടത്താനിരുന്ന സംസ്ഥാന സമ്മേളനം അതിന്റെ പ്രൗഡിയോടെ നടത്താൻ പറ്റുമോയെന്ന സംശയമുയർന്നത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ആദ്യമായി പാർട്ടിക്ക് തുടർഭരണം ലഭിച്ച വേളയിൽ സകല പ്രതാപത്തോടെയും നടത്തേണ്ടിയിരുന്ന സംഘടനാ സമ്മേളനങ്ങളാണ് അവസാന ഘട്ടത്തിൽ എങ്ങനെ നടത്തിയവസാനിപ്പിക്കുമെന്ന വിധത്തിലേക്ക് എത്തിയിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ ആരോഗ്യ വിദഗ്ദ്ധരുമായി കോവിഡ് വ്യാപനത്തെക്കുറിച്ച് ചർച്ച നടത്തി പൊതു സമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് ബാക്കിയുള്ള സമ്മേളനങ്ങൾ നടത്താമെന്നാണു പാർട്ടി കണക്ക് കൂട്ടുന്നത്.