ജോണ്സണ് വേങ്ങത്തടം
കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത ഇല്ലെന്നു പറയുന്പോഴും ഗ്രൂപ്പ് ചർച്ചകളിൽ വിമത സ്വരം ഉയർന്നേക്കുമെന്ന സംശയത്തിൽ നാല് ജില്ലകളിലെ പ്രതിനിധികൾ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാകും.
എറണാകുളം, പാലക്കാട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ പ്രതിനിധികളിൽനിന്നാണ് വിമത ശബ്ദം പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനത്തിന്റെ ആദ്യ പടിയായി ഗ്രൂപ്പ് ചർച്ചകളാണ് നടക്കുക.
14 ജില്ലകളിൽനിന്നും വരുന്ന പ്രതിനിധികൾ വെവ്വേറെയായി പങ്കെടുക്കുന്ന ഗ്രൂപ്പ് ചർച്ചകൾ നടക്കുന്നതും 14 സ്ഥലങ്ങളിലായിരിക്കും.
പങ്കെടുക്കുന്ന എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയുന്ന ഗ്രൂപ്പ് ചർച്ചകളിൽ മാത്രമാകും ഇത്തവണ ഭിന്നസ്വരങ്ങൾ ഉയരാൻ വഴിയുള്ളു.
തുടർന്ന് ഓരോ ജില്ലകളിലെയും ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം അതിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടോ മൂന്നോ പ്രതിനിധികൾക്ക് മാത്രമാകും പിന്നീട് നടക്കുന്ന പൊതു ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക.
എല്ലാ ജില്ലാ പ്രതിനിധികളിലുംതന്നെ പിണറായി പക്ഷക്കാർ ഭൂരിപക്ഷക്കാരായത് കൊണ്ടുതന്നെ ഗ്രൂപ്പ് ചർച്ചകളിൽ വിമർശനങ്ങൾ ഉയർത്തുന്നവരെ ഒഴിവാക്കിയാകും പൊതുചർച്ചയിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്.
സംസ്ഥാന നേതൃത്വത്തിന് ഇടപെടാൻ അവസരമില്ലാത്ത ഗ്രൂപ്പ് ചർച്ചകളിൽ മാത്രമാകും വിമത സ്വരങ്ങൾ ഉയരാൻ സാധ്യത.
പൊതുചർച്ചയിൽ സംസാരിക്കാൻ അത്തരക്കാരെ ഒഴിവാക്കിയുള്ള സമീപനം ഉറപ്പായതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിക്കുന്ന പൊതുചർച്ചയിൽ പിണറായിക്ക് അനുകൂലമായ ചർച്ചകളേ ഉണ്ടാകൂ.
എന്നിരുന്നാലും എറണാകുളം, പാലക്കാട്, കണ്ണൂർ, ആലപ്പുഴ പ്രതിനിധികൾ നേതൃത്വത്തിന്റെ പ്രത്യേക ശ്രദ്ധയിലായിരിക്കും. 31 പ്രതിനിധികൾ പങ്കെടുക്കുന്ന എറണാകുളത്തെ 26 പേരും പിണറായി അനുകൂലികളാണ്.
ഇത്തരത്തിൽ മറ്റ് 13 ജില്ലകളിലും പിണറായിയെ അനുകൂലിക്കുന്നവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിലധികവും. 28 ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാകും സമ്മേളന അജണ്ട നിശ്ചയിക്കുക.
മാർച്ച് ഒന്നു മുതൽ നാലു വരെയുള്ള സമ്മേളനത്തിൽ 2, 3 തിയതികളിലാകും പ്രധാന ചർച്ചകൾ നടക്കുക. നാലിന് ഉച്ചയോടെ വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും.
90 നടുത്ത് അംഗങ്ങൾ ഉൾപ്പെടുന്ന സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോണ്ഗ്രസിൽ പങ്കെടുക്കേണ്ട പ്രതിനിധികളെയും അന്ന് തെരഞ്ഞെടുക്കും. 15 ഓളം അംഗങ്ങൾ വരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും അന്നുതന്നെ തെരഞ്ഞെടുത്തേക്കും.
നിലവിലെ കമ്മിറ്റികളിൽനിന്ന് കാര്യമായ വ്യത്യാസമൊന്നും ഇത്തവണ ഉണ്ടാകാനിടയില്ലെന്ന് കരുതുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ആനത്തലവട്ടം ആനന്ദൻ ഒഴിവായേക്കും.
പകരം എം. സ്വരാജ്, ഗോപി കോട്ടമുറിക്കൽ, കെ. ചന്ദ്രൻ പിള്ള എന്നിവരിലാരെങ്കിലും എത്തിയേക്കാം.സംസ്ഥാന കമ്മിറ്റിയിൽനിന്ന് മുൻ മന്ത്രി എസ്.ശർമ്മ, മുൻ കൊച്ചി മേയർ സി.എം ദിനേശ് മണി തുടങ്ങിയവർ മാറാനും സാധ്യതയുണ്ട്.
14 ജില്ലകളിൽനിന്ന് വരുന്ന പ്രതിനിധികൾക്കായി 80 ലക്ഷം രൂപയോളം ചെലവിൽ മറൈൻ ഡ്രൈവിൽ അത്യാധുനിക പന്തലിന്റെയും സ്റ്റേജിന്റെയും പണി അതിവേഗം പുരോഗമിക്കുകയാണ്.
400 ഓളം പ്രതിനിധികൾ, 100 ഓളം വോളന്റിയേഴ്സ് എന്നിവരുൾപ്പെടുന്ന 500 പേർക്ക് ഇരുന്ന് കഴിക്കാവുന്ന ഭക്ഷണശാല, സാംസ്ക്കാരിക പരിപാടികൾക്കുള്ള പന്തൽ, പൊതുസമ്മേളനത്തിനായുള്ള തുറന്ന വേദി തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ആധുനിക പന്തൽ സമുച്ചയമാണ് കൊച്ചി മറൈൻ ഡ്രൈവിൽ ഉയരുന്നത്.